
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഒരു പവൻ സ്വർണ്ണത്തിന് ₹2,600 കുറഞ്ഞ് ₹91,720 എന്ന നിലയിലേക്ക് എത്തി. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവും, ആഗോള പ്രതിസന്ധികളിലെ അയവ് കാരണം നിക്ഷേപകർ സുരക്ഷിത താവളമായ സ്വർണ്ണത്തിൽ നിന്ന് മാറി ഓഹരി വിപണിയിലേക്ക് തിരികെ എത്തിയതുമാണ് ഈ വിലക്കുറവിന് കാരണം. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില ₹91,720 രൂപയും ഒരു ഗ്രാമിന് ₹11,465 രൂപയുമാണ്. ഈ ഹ്രസ്വകാല വിലയിടിവ് സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു അവസരമാണെങ്കിലും, രാജ്യത്തെ വിവാഹ സീസൺ മൂലമുള്ള ശക്തമായ ആഭ്യന്തര ഡിമാൻഡും സുരക്ഷിത നിക്ഷേപത്തിനായുള്ള താൽപ്പര്യവും കണക്കിലെടുക്കുമ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണവില വീണ്ടും ഉയരാനാണ് സാധ്യതയെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
മകരവിളക്ക് മഹോത്സവം: ശബരിമല നട നാളെ തീർത്ഥാടകർക്ക് തുറക്കും
ശബരിമല നട നാളെ മകരവിളക്ക് തീര്‍ഥാടനത്തിനായി തുറക്കാൻ ഒരുങ്ങുകയാണ്. വൈകിട്ട് 5 മണിക്ക് നട തുറക്കുമ്പോള്‍ പുതിയ ശബരിമല മേൽശാന്തിയായി ഇ.ഡി. പ്രസാദ്, മാളികപ്പുറം മേൽശാന്തിയായി എം.ജി. മനു സ്ഥാനമേൽക്കും. മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി സന്നിധാനത്ത് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ദിവസേന 90,000 തീർത്ഥാടകരുടെ പ്രവേശനം അനുവദിക്കുന്നതിനുള്ള ഒരുക്കങ്ങളും നടപ്പാക്കിയിട്ടുണ്ട്.ഇനി നാളെ നിയുക്ത ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ ഐ.എ.എസ്. സന്നിധാനത്ത് എത്തും.അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാർ ഹാജരാകാത്ത പക്ഷം, അന്വേഷണസംഘം (എസ്.ഐ.ടി.) നേരിട്ട് കസ്റ്റഡിയിലെടുക്കാൻ നീക്കം നടത്തിയിരിക്കുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമയപരിധി കഴിഞ്ഞതിനാൽ, അന്വേഷണസംഘം നോട്ടീസ് നൽകാൻ സജ്ജമാവുകയാണ്.കേസിലെ അറസ്റ്റിലായ എൻ. വാസുവിന്റെ പങ്ക് സംബന്ധിച്ച കൂടുതൽ തെളിവുകൾ പരിശോധിച്ചതിന് ശേഷം കസ്റ്റഡി അപേക്ഷ നൽകും. സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എഫ്‌ഐആർ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. പ്രാഥമിക വിലയിരുത്തലപ്രകാരം, കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം ബാധകമെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ക്യൂ നില്‍ക്കേണ്ടതില്ല; 1001 കേന്ദ്രങ്ങളില്‍ ഇ-ഹെല്‍ത്ത് സംവിധാനം
സംസ്ഥാനത്തെ ആരോഗ്യരംഗത്ത് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഫലപ്രദമായ പ്രാവർത്തികതയോടെ ഇ-ഹെൽത്ത് പദ്ധതി കൂടുതൽ വ്യാപകമാകുന്നു. നിലവിൽ 1001 ആരോഗ്യസ്ഥാപനങ്ങളിലാണ് ഇ-ഹെൽത്ത് സംവിധാനം പൂർണ്ണമായും സജ്ജമായിരിക്കുന്നത്. മെഡിക്കൽ കോളേജുകളിലെ 19 സ്ഥാപനങ്ങൾ, 33 ജില്ലാ/ജനറൽ ആശുപത്രികൾ, 87 താലൂക്ക് ആശുപത്രികൾ, 77 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 554 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 99 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 15 സ്പെഷ്യാലിറ്റി ആശുപത്രികൾ, 3 പബ്ലിക് ഹെൽത്ത് ലാബുകൾ, കൂടാതെ 114 മറ്റ് ആരോഗ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ഈ സംവിധാനം നടപ്പിലാക്കിയത്.ജില്ലാ അടിസ്ഥാനത്തിൽ നോക്കുമ്പോൾ, തിരുവനന്തപുരം (150), എറണാകുളം (100), മലപ്പുറം (106), തൃശൂർ (99) എന്നിവ മുൻനിരയിലാണ്. ഇതുവരെ 2.63 കോടിയിലധികം പേർ സ്ഥിര യു.എച്ച്.ഐ.ഡി (Unique Health ID) എടുത്തിട്ടുണ്ടെന്നും, താത്കാലിക രജിസ്‌ട്രേഷനിലൂടെ 6.73 കോടിയിലധികം പേർ ചികിത്സ തേടിയതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതിൽ 16.85 ലക്ഷം പേർ ആശുപത്രികളിൽ അഡ്മിറ്റായി ചികിത്സ നേടി.ഡിജിറ്റൽ പണമടയ്ക്കൽ സൗകര്യം, ഓൺലൈൻ ഒപി ടിക്കറ്റ്, എം-ഇഹെൽത്ത് ആപ്പ്, “സ്കാൻ എൻ ബുക്ക്” സംവിധാനം എന്നിവയും ഇപ്പോൾ പൊതുജനങ്ങൾക്ക് ലഭ്യമാണ്. ഇതിലൂടെ ആശുപത്രികളിലെ ക്യൂ ഒഴിവാക്കി മുൻകൂട്ടി ടോക്കൺ എടുക്കാനാവും.ഇ-ഹെൽത്ത് വഴി എങ്ങനെ ഒപി ടിക്കറ്റ് എടുക്കാം?രോഗികൾക്ക് https://ehealth.kerala.gov.in എന്ന പോർട്ടലിലൂടെയോ എം-ഇഹെൽത്ത് ആപ്പ് വഴിയോ മുൻകൂട്ടി ഒപി ടോക്കൺ എടുക്കാം. ഇതിലൂടെ ആശുപത്രിയിൽ നേരിട്ടെത്താതെ തന്നെ ടോക്കൺ ഉറപ്പാക്കാനാകും. വീണ്ടും ചികിത്സ തേടേണ്ടവർക്ക് അഡ്വാൻസ് ടോക്കൺ സൗകര്യവും സജ്ജമാണ്.യുണിക്ക് ഹെൽത്ത് ഐഡി എങ്ങനെ സൃഷ്ടിക്കാം?ഇ-ഹെൽത്ത് സേവനങ്ങൾ ഉപയോഗിക്കാൻ ആദ്യം യുണിക്ക് ഹെൽത്ത് ഐഡി (UHI) സൃഷ്ടിക്കണം. അതിന് പോർട്ടലിൽ പ്രവേശിച്ച് “Register” ലിങ്ക് ക്ലിക്ക് ചെയ്യുക. ആധാർ നമ്പർ നൽകുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് ഒടിപി ലഭിക്കും. ഒടിപി നൽകി സ്ഥിരീകരിച്ചാൽ 16 അക്ക വ്യക്തിഗത ഹെൽത്ത് ഐഡി ലഭിക്കും. ഈ ഐഡി ഉപയോഗിച്ച് ആശുപത്രികളിൽ അപ്പോയിന്റ്മെന്റ് എടുക്കാനും മെഡിക്കൽ രേഖകൾ ഓൺലൈനായി കാണാനും കഴിയും.ഓൺലൈൻ അപ്പോയിന്റ്മെന്റ് എടുക്കാനുള്ള മാർഗംലോഗിൻ ചെയ്ത ശേഷം “New Appointment” സെക്ഷൻ തുറന്ന് ആവശ്യമായ ആശുപത്രിയും വിഭാഗവും തിരഞ്ഞെടുക്കുക. തീയതിയും സമയവും പരിശോധിച്ച് സൗകര്യപ്രദമായ ടോക്കൺ തിരഞ്ഞെടുക്കുക. ടോക്കൺ പ്രിന്റ് എടുക്കാനോ എസ്.എം.എസ്. രൂപത്തിൽ ആശുപത്രിയിൽ കാണിക്കാനോ കഴിയും. രോഗിയുടെ ലാബ് ഫലം, പ്രിസ്‌ക്രിപ്ഷൻ, ചികിത്സാ ചരിത്രം തുടങ്ങിയവയും പോർട്ടലിൽ ലഭ്യമാണ്.കൂടുതൽ സഹായത്തിനായി ദിശ ഹെൽപ്‌ലൈനുകളിൽ (104, 1056, 0471 2552056, 2551056) ബന്ധപ്പെടാം.
തദ്ദേശ തെരഞ്ഞെടുപ്പ് ക്രമത്തിൽ മാറ്റം; അർധവാർഷിക പരീക്ഷ തീയതി പുനഃക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുപ്പ്
തദ്ദേശ തിരഞ്ഞെടുപ്പ് ഷെഡ്യൂളിൽ വന്ന മാറ്റങ്ങളെത്തുടർന്ന് വിദ്യാഭ്യാസ വകുപ്പിന്റെ അർധവാർഷിക പരീക്ഷാ കലണ്ടറിലും മാറ്റം വരാനിരിക്കുകയാണ്. ഡിസംബർ 11ന് തുടങ്ങാനിരുന്ന പരീക്ഷകൾ തിരഞ്ഞെടുപ്പ് പോളിങ്ങും വോട്ടെണ്ണലും ഡിസംബർ 13 വരെ നീളുന്നതോടെ മാറ്റിവെക്കാനുള്ള നടപടികളിലാണ് വകുപ്പ്.പുതിയ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഡിസംബർ 11 മുതല്‍ 18 വരെ പരീക്ഷകൾ നടത്തി 19ന് ക്രിസ്മസ് അവധിക്ക് പ്രവേശിച്ച് 29ന് സ്കൂളുകൾ വീണ്ടും തുറക്കാനായിരുന്നു പദ്ധതി. എന്നാല്‍ സംസ്ഥാനത്തെ മിക്ക സ്കൂളുകളും പോളിങ് സ്റ്റേഷനുകളായി ഉപയോഗിക്കുന്നതിനാൽ ഈ തീയതികളിൽ പരീക്ഷ നടത്താൻ കഴിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തലാണ്.ഇതിനാൽ പ്രൈമറി സ്കൂളുകളുടെ പരീക്ഷ ഡിസംബർ ആദ്യവാരം തന്നെ പൂർത്തിയാക്കുന്ന നിർദേശമാണ് പരിഗണനയിലുള്ളത്. ബാക്കി ക്ലാസുകളിലെ പരീക്ഷകൾ തെരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 15 മുതല്‍ 19 വരെയും, അവശേഷിക്കുന്ന പരീക്ഷകൾ ക്രിസ്മസ് അവധിക്ക് ശേഷം രണ്ടാംഘട്ടമായി നടത്തുന്നതുമായിരിക്കും സാധ്യത.വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ വിവിധ ഓപ്ഷനുകൾ പരിശോധിക്കുകയാണ്.പ്രധാനമായൊരു പരിഗണനയായി ഡിസംബർ 1 മുതല്‍ 5 വരെ ആദ്യഘട്ട പരീക്ഷയും, ഡിസംബർ 15 മുതല്‍ 19 വരെ രണ്ടാംഘട്ട പരീക്ഷയും ഉൾപ്പെടുത്തി പുതിയ ഷെഡ്യൂൾ തയ്യാറാക്കാനാണ് നീക്കം.
വയനാട് മെഡിക്കല്‍ കോളേജില്‍ വലിയ മെഡിക്കൽ നേട്ടം:ആർത്രോസ്‌കോപ്പിക് റോട്ടേറ്റർ കഫ് റിപ്പയർ ശസ്ത്രക്രിയ വിജയകരമായി
വ യനാട് ഗവ. മെഡിക്കൽ കോളേജ് ചരിത്രത്തിലാദ്യമായി അതിസങ്കീര്‍ണമായ ആർത്രോസ്‌കോപ്പിക് റോട്ടേറ്റർ കഫ് റിപ്പയർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഓർത്തോപീഡിക്‌സ് വിഭാഗമാണ് ഈ നേട്ടത്തിന് നേതൃത്വം നൽകിയത്. കമ്ബളക്കാട് സ്വദേശിയായ 63 കാരനായ ഹൃദ്രോഗിക്ക് നടത്തിയ ശസ്ത്രക്രിയയിൽ രോഗിക്ക് പൂര്‍ണ സൗജന്യ ചികിത്സ ലഭിച്ചത് കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ പിന്തുണയിലൂടെയാണ്. സ്വകാര്യ ആശുപത്രികളിൽ ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവാകുന്ന ഈ ശസ്ത്രക്രിയ സൗജന്യമായി ലഭ്യമാക്കിയതും വലിയ ആശ്വാസമായി.ആരോഗ്യ വകുപ്പ് മന്ത്രി ശസ്ത്രക്രിയ വിജയകരമാക്കിയ മുഴുവൻ മെഡിക്കൽ ടീമിനെയും അഭിനന്ദിച്ചു. മെഡിക്കൽ കോളേജിന്റെ ശസ്ത്രക്രിയാ സേവനങ്ങൾക്ക് പുതിയ വഴിത്തിരിവ് സൃഷ്ടിക്കുന്ന ഒരു പ്രധാന നാഴികക്കല്ലായി ഈ നേട്ടം വിലയിരുത്തപ്പെടുന്നു.ആധുനിക കീഹോൾ സാങ്കേതികവിദ്യയുടെ പ്രയോജനംകീഹോൾ ആർത്രോസ്‌കോപ്പിക് സംവിധാനങ്ങൾ ഉപയോഗിച്ചാണ് തോളിലെ ശസ്ത്രക്രിയ നടത്തിയത്. പരമ്പരാഗത തുറന്ന ശസ്ത്രക്രിയയെ അപേക്ഷിച്ച് കൂടുതൽ കുറഞ്ഞ വേദനയും വേഗത്തിലുള്ള സുഖപ്രാപ്തിയും ഈ സാങ്കേതികവിദ്യ ഉറപ്പാക്കുന്നു. അതിനാൽ രോഗികൾക്ക് ദൈനംദിന ജീവിതത്തിലേക്ക് വേഗത്തിൽ മടങ്ങാൻ സാധിക്കും.ഡോക്ടർമാരുടെ ഏകോപിത പരിശ്രമത്തിൽ പുതിയ ഉയരംഓർത്തോപീഡിക്‌സ് യൂണിറ്റ് മേധാവി ഡോ. രാജു കറുപ്പലിന്റെ നേതൃത്വത്തിൽ ഡോ. സുരേഷ്, ഡോ. ഇർഫാൻ എന്നിവരുൾപ്പെടുന്ന ശസ്ത്രക്രിയാ സംഘം പ്രവർത്തിച്ചു. അനസ്തേഷ്യ വിഭാഗത്തിൽ ഡോ. ബഷീർ, ഡോ. ഉസ്മാൻ എന്നിവർ പങ്കെടുത്തു. നഴ്‌സിംഗ് ടീമിന്റെ സമർപ്പിതമായ സഹകരണവും ശസ്ത്രക്രിയ വിജയകരമാകാൻ നിർണായകമായി. ചികിത്സയ്ക്കു വിധേയനായ രോഗി ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.ഈ നേട്ടത്താൽ വയനാട് ഗവ. മെഡിക്കൽ കോളേജ്, ആധുനിക ആർത്രോസ്‌കോപ്പിക് ശസ്ത്രക്രിയകൾ നടത്തുന്ന സംസ്ഥാനത്തെ മുൻനിര കേന്ദ്രങ്ങളുടെ പട്ടികയിൽ ഔദ്യോഗികമായി ഇടം നേടി.