മേപ്പാടി: കാട്ടാനയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതിനെ തുടർന്നുള്ള വ്യാപക തിരച്ചിലിൽ കാട്ടാനയെ കണ്ടെത്താൻ സാധിച്ചില്ലെന്ന് വനവകുപ്പ് അറിയിച്ചു. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസിന്റെ നേതൃത്വത്തിൽ പിആർഒ, ആർ ആർ ടി, വൈത്തിരി സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സ്റ്റാഫും, മുണ്ടക്കൈ സ്റ്റേഷൻ സ്റ്റാഫ്, എൻ എം ആർ വാച്ചർമാർ എന്നിവരടങ്ങുന്ന സംഘം എരുമക്കൊല്ലി, പൂളക്കുന്ന് സ്കൂൾ കുന്നു, ഇളമ്പലേരി, ചോലമല എന്നിവിടങ്ങളിലായി കുങ്കി ആനകളെ ഉപയോഗിച്ച് തിരച്ചിൽ നടത്തിയിരുന്നു.വനത്തിന്റെ ഉൾഭാഗങ്ങളിലും രാത്രികാല പട്രോളിംഗും ഉൾപ്പെടെ നിരവധി പരിശോധനകൾ നടത്തിയെങ്കിലും കാട്ടാനയെ കണ്ടെത്താനായില്ല. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി തിരച്ചിൽ നാളെയും തുടരുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.