സംസ്ഥാനത്തെ സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് ഒടുവിൽ അംഗീകാരം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. പുതിയ സമയക്രമം അനുസരിച്ച് എട്ടു മുതല്‍ പത്തു വരെ ക്ലാസുകളുടെ പഠനസമയത്തില്‍ അരമണിക്കൂറിന്റെ വര്‍ദ്ധനവുണ്ടാകും. സ്‌കൂള്‍ രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15ന് അവസാനിക്കും.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
പുതുക്കിയ സമയക്രമം അനുസരിച്ച് ഉച്ചഭക്ഷണ വിതരണം ചെയ്യുന്നതിനുള്ള പാചകച്ചെലവുകള്‍ വര്‍ധിപ്പിക്കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം യോഗത്തില്‍ ചര്‍ച്ചയായി. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള സഹായ സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
അക്കാദമിക് മാസ്റ്റര്‍ പ്ലാനിന്റെ നടപ്പിലാക്കലിന് സംഘടനകളില്‍ നിന്നുള്ള പൂര്‍ണ പിന്തുണ ലഭിച്ചിട്ടുണ്ട്. ടേം പരീക്ഷകളും യൂണിറ്റ് പരീക്ഷകളും തുടരണമെന്ന് അധ്യാപക സംഘടനകള്‍ ഉന്നയിച്ച ആവശ്യം യോഗം അംഗീകരിച്ചു.
ഹയര്‍ സെക്കന്ററി വിഭാഗം പ്രിന്‍സിപ്പലും വിഎച്ച്എസ്‌ഇ വിഭാഗം ജീവനക്കാരുടെയും സ്ഥലംമാറ്റത്തില്‍ നിലനില്‍ക്കുന്ന സാങ്കേതിക തടസങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും നാല് ജില്ലകളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഒഴിവുള്ള തസ്തികകളിലേക്ക് അടിയന്തര നിയമനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
