കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാർക്കും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് എട്ടാം ശമ്പള കമ്മീഷന്റെ നടപ്പാക്കലാണ്. വൻ ശമ്പള വർധനയും പെൻഷൻ വർധനയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവർ. എന്നാൽ, നടപടികൾ വളരെ പതുക്കെ നീങ്ങുന്നതോടെ നടപ്പാക്കൽ വൈകിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.2025 ജനുവരിയിലാണ് നരേന്ദ്ര മോദി സർക്കാർ എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ചത്. എന്നാൽ, പ്രഖ്യാപനത്തിന് ശേഷം ഏഴ് മാസം കഴിഞ്ഞിട്ടും ഏറ്റവും നിർണായകമായ ‘ടേംസ് ഓഫ് റഫറൻസ്’ അന്തിമരൂപം നേടിയിട്ടില്ല. കൂടാതെ, കമ്മീഷന് ചെയർമാനെയോ അംഗങ്ങളെയോ നിയമിച്ചിട്ടില്ല. ഇതുമൂലം, 2028 ജനുവരി മുതലായിരിക്കും പ്രാബല്യത്തിൽ വരികയെന്ന് വിലയിരുത്തപ്പെടുന്നു.ചരിത്രം നോക്കുമ്പോൾ, ഏഴാം ശമ്പള കമ്മീഷനും ഇതേപോലെ ദീർഘമായ പ്രക്രിയയിലൂടെ നടപ്പിലാക്കപ്പെട്ടിരുന്നു. 2013 സെപ്റ്റംബർ 25-ന് പ്രഖ്യാപിച്ച കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് അഞ്ച് മാസങ്ങൾക്ക് ശേഷം മാത്രമാണ് പുറത്തിറക്കിയത്. 2014 മാർച്ച് 4-ന് അംഗങ്ങളെ നിയമിക്കുകയും, 2015 നവംബർ 19-ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. 2016 ജൂൺ 29-ന് മാത്രമാണ് നടപ്പിലാക്കിയത്, എന്നാൽ 2016 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തിൽ.ഇത്തവണയും സമാനമായ രീതിയിൽ കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ, ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണം ലഭിക്കാൻ രണ്ടുവർഷത്തിലേറെ കൂടി കാത്തിരിക്കേണ്ടിവരും. എങ്കിലും, ഈ മാസം ടേംസ് ഓഫ് റഫറൻസ് പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരുടെ നിര.