ആനപാറ പാലം അപകടാവസ്ഥയില്‍; തിരിഞ്ഞുനോക്കാതെ അധികൃതര്‍

വയനാട്ടിലെ അമ്പലവയൽ–ചുള്ളിയോട് പ്രധാന പാതയിലെ ആനപാറ പാലം തകർച്ച ഭീഷണിയിൽ തുടരുകയാണ്. 60 വർഷത്തിലേറെ പഴക്കമുള്ള ഈ പാലം ഏതുനിമിഷവും നിലംപൊത്താമെന്ന ആശങ്കയിലാണ് നാട്ടുകാർ. പലയിടത്തും അടിഭാഗം തകർന്നു വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. കൈവരികളും തുരുമ്പേറ്റ് കരിഞ്ഞ നിലയിലാണ്. കാലപ്പഴക്കത്തെത്തുടർന്ന് പാലത്തിന്റെ ശക്തി പൂർണമായും കുറഞ്ഞുവെന്നാണ് നാട്ടുകാർ പറയുന്നത്.പ്രധാന ഗതാഗതപ്പാതയായതിനാൽ ദിവസേന സ്വകാര്യ ബസുകൾ, കെ.എസ്.ആർ.ടി.സി. ബസുകൾ, വിനോദസഞ്ചാരികളുടെ വാഹനങ്ങൾ, സ്കൂൾ ബസുകൾ എന്നിവ അടക്കം നൂറുകണക്കിന് വാഹനങ്ങൾ ഈ പാലം വഴിയാണ് സഞ്ചരിക്കുന്നത്. ഒരുസമയം ഒരുവാഹനം മാത്രമേ കടന്നുപോകാൻ കഴിയൂ എന്നതിനാൽ ഇടുങ്ങിയ പാലത്തിൽ അപകടങ്ങൾ പതിവാണ്.പാലത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചിട്ടും ഇതുവരെ നടപടിയൊന്നും കൈക്കൊണ്ടിട്ടില്ലെന്നത് നാട്ടുകാരുടെ ആക്ഷേപമാണ്. ജീവന് ഭീഷണിയാവുന്ന അപകടം ഒഴിവാക്കാൻ ഉടൻ പാലം പുതുക്കിപ്പണിയണം എന്ന ആവശ്യം പ്രദേശവാസികൾ ശക്തമായി ഉന്നയിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top