ഇന്ന് ചിങ്ങം ഒന്ന്, കര്‍ഷകദിനം.രാജ്യമൊട്ടാകെ കര്‍ഷകദിനം ആഘോഷമാകുമ്പോഴും കേരളത്തിലെ കര്‍ഷകരുടെ കണ്ണീരും വേദനയും ആരും ശ്രദ്ധിക്കുന്നില്ല. സംസ്ഥാന കാര്‍ഷിക മേഖല വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.നഷ്ടം സഹിക്കാനാവാതെ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 35,000-ത്തിലധികം കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിച്ചു. ഇതോടെ 52,000 ഏക്കറിലേറെ പാടങ്ങള്‍ തരിശായി മാറി. ഏറ്റവും കൂടുതല്‍ ഇടിവ് പാലക്കാട്ടിലാണ്, 17,000 ഹെക്ടറിലേറെ കൃഷിയിടം നഷ്ടമായി.നെല്ലിന്റെ താങ്ങുവിലയില്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ധന വരുത്തുമ്പോഴും, അതിന് അനുപാതമായി സംസ്ഥാന സര്‍ക്കാര്‍ വില വെട്ടിക്കുറച്ചതോടെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ലാഭം നഷ്ടമായി. 2018ന് ശേഷം ഉണ്ടായ പ്രകൃതിക്ഷോഭങ്ങളില്‍ കോടികളുടെ വിളനാശം സംഭവിച്ചിട്ടും, നഷ്ടപരിഹാരമായി ലഭിച്ചത് അപര്യാപ്തമായ തുകയായിരുന്നു.2024ലെ അതിശക്തമായ മഴയില്‍ ആയിരക്കണക്കിന് ഏക്കര്‍ നെല്ല് കൊയ്യാതെ നഷ്ടപ്പെട്ടുവെങ്കിലും, കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സഹായം വൈകി. അതിനൊപ്പം മില്ലുകാരുടെ അനീതിപരമായ ഇടപാടുകളും കര്‍ഷകര്‍ക്ക് അധിക നഷ്ടം വരുത്തി.തൊഴിലാളികളുടെ കൂലിയും രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും ഉണ്ടായ കുത്തനെ വര്‍ധിച്ച വിലയും കര്‍ഷകരുടെ ദുരിതം ഇരട്ടിയാക്കി. നാല് വര്‍ഷമായി തരിശുനിലപദ്ധതിയിലൂടെ നല്‍കിയിരുന്ന സാമ്പത്തിക സഹായം നിലച്ചതും, ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതില്‍ താമസവുമാണ് കര്‍ഷകരെ വയലുകളില്‍ നിന്ന് പിന്തിരിപ്പിച്ചത്.കേരളത്തിലെ നെല്‍കൃഷി ഇന്നത്തെ അവസ്ഥയില്‍ തുടരുകയാണെങ്കില്‍, വരുംകാലത്ത് കര്‍ഷകദിനാഘോഷങ്ങള്‍ക്ക് അര്‍ത്ഥം നഷ്ടപ്പെടുമെന്നത് തീര്‍ച്ചയാണ്.