കേരളത്തിൽ വീണ്ടും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലുമാണ് കൂടുതൽ മഴ ലഭിക്കാനിടയുള്ളത്. നിലവിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം മുതൽ വയനാട് വരെയുള്ള ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ബാണാസുര സാഗർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള ജില്ലകൾക്ക് നിലവിൽ മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ, ന്യൂനമർദ്ദത്തിന്റെ ശക്തി വർധിക്കുന്നതിനാൽ മഴ തുടർച്ചയായി ലഭിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരും.