വയനാട് ജില്ലയിൽ കാൻസർ രോഗികളുടെ എണ്ണം ഉയരുന്നതായി പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു അറിയിച്ചു. രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്താൻ സമഗ്ര പഠനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശന കവാടം, മാമോഗ്രഫി മെഷീൻ, അഡ്വാൻസ്ഡ് ഓങ്കോളജി റിഹാബിലിറ്റേഷൻ യൂണിറ്റ് എന്നിവ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ജില്ലയിലെ സമഗ്ര വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കാൻസർ, കിഡ്നി രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ രംഗത്ത് കൂടുതൽ സംവിധാനങ്ങൾ ഒരുക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡിന്റെ സി.എസ്.ആർ പദ്ധതിയിൽ 32.6 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഓങ്കോളജി റിഹാബിലിറ്റേഷൻ യൂണിറ്റ്, ക്യാൻസർ ചികിത്സയിലൂടെ പോകുന്ന രോഗികൾക്ക് ശാരീരികവും മാനസികവുമായി പിന്തുണ നൽകും. ചികിത്സയ്ക്കുശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സഹായിക്കുന്നതിനൊപ്പം ലിംഫെഡിമ, ന്യൂറോപ്പതി തുടങ്ങിയ പ്രശ്നങ്ങൾക്കും പരിഹാരം നൽകും. നാഷണൽ ഹെൽത്ത് മിഷന്റെ സഹായത്തോടെ 18.87 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച മാമോഗ്രാം മെഷീൻ, സ്തനാർബുദം നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന പ്രധാന പരിശോധനയാണ്. തുടക്കത്തിൽ തന്നെ രോഗം തിരിച്ചറിയുന്നത് ചികിത്സയുടെ ഫലപ്രാപ്തി വർധിപ്പിക്കുമെന്നും 40 മുതൽ 74 വയസ്സുവരെ പ്രായമുള്ള സ്ത്രീകളിൽ സ്തനാർബുദം മൂലമുള്ള മരണനിരക്ക് കുറയ്ക്കാനാകുമെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായി, വിവിധ ജനപ്രതിനിധികളും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.