സംസ്ഥാനത്ത് വീണ്ടും സ്വർണവില കുതിച്ചുയർന്നു. ഇന്ന് മാത്രം ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 74,520 രൂപയായി. കട്ടി കുറഞ്ഞ ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7,645 രൂപ, 14 കാരറ്റിന് 5,955 രൂപ, 9 കാരറ്റിന് 3,835 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിരക്ക്. വെള്ളിയുടെ വില ഗ്രാമിന് 124 രൂപയും ഒരു കിലോയ്ക്ക് 1,24,000 രൂപയുമാണ്.ഓഗസ്റ്റ് 8-നാണ് സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡ് മറികടന്നത്. അന്ന് പവന് 75,760 രൂപയായിരുന്നുവെന്ന് ഓർത്തിരിക്കാം.ജാക്‌സൺ ഹോൾ സിമ്പോസിയത്തിൽ ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രസംഗത്തിന് പിന്നാലെ എംസിഎക്‌സിൽ സ്വർണത്തിന് ശക്തമായ വാങ്ങൽ ഉണ്ടായതാണ് വില ഉയർന്നതിന് പ്രധാന കാരണം. യുഎസ് ഫെഡ് പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചനയും വിപണിയെ ബാധിച്ചു.2025 സെപ്തംബറിൽ നടക്കുന്ന ഫെഡ് യോഗത്തിൽ 25 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ കരുതുന്നു. യുഎസ് ഡോളറിന്റെ നില കുറയുകയും ആഭ്യന്തര-ആന്തർദേശീയ വിപണികളിൽ സ്വർണം കൂടുതൽ വാങ്ങപ്പെടുകയും ചെയ്യുന്നതോടെ വില ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.