കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഒരാൾക്കുകൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം എട്ടായി. വയനാട് നടവയൽ സ്വദേശിക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. മൂന്നു ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുൽത്താൻ ബത്തേരി സ്വദേശിക്കാണ് കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയത്. മറ്റ് അസുഖങ്ങളുമായി എത്തിയ ഇയാളുടെ ആരോഗ്യനില ഭേദമാകാത്തതിനാൽ നടത്തിയ പരിശോധനയിലാണ് രോഗം പുറത്തുവന്നത്. ഇപ്പോൾ മെഡിക്കൽ കോളേജിലും മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലുമായാണ് രോഗികൾ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ആഴ്ചകളിൽ താമരശ്ശേരി സ്വദേശിനിയായ അനയ അമീബിക് മസ്തിഷ്കജ്വരബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു.ഇപ്പോൾ ചികിത്സയിൽ കഴിയുന്നവരിൽ അനയയുടെ സഹോദരൻ (7), ഓമശ്ശേരി സ്വദേശിയായ 3 മാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം സ്വദേശിനി (55), മലപ്പുറം ചേളാരിയിലെ 11 കാരി, മലപ്പുറം പുല്ലിപ്പറമ്പ് സ്വദേശി (49), കോഴിക്കോട് അന്നശ്ശേരി സ്വദേശി (31) എന്നിവരടങ്ങുന്നു. ഇവരിൽ 3 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. മറ്റു രോഗികളുടെ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് അധികൃതർ വ്യക്തമാക്കി.പരമ്പരാഗതമായി അമീബിക് മസ്തിഷ്കജ്വരം ജലത്തിലൂടെയാണ് പകരുന്നതെന്ന് കരുതിയിരുന്നെങ്കിലും, ശ്വസനത്തിലൂടെയും പൊടി, മണ്ണ്, ചെളി തുടങ്ങിയവ വഴിയും രോഗം പകരാമെന്ന് വിദഗ്ധർ പറയുന്നു. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നിവയാണ് തലച്ചോറിനെ ബാധിച്ച് അമീബിക് മസ്തിഷ്കജ്വരം സൃഷ്ടിക്കുന്ന അമീബ വിഭാഗങ്ങൾ. മൂക്ക് വഴിയോ ചെവിയിൽ ഉണ്ടായേക്കാവുന്ന ചെറിയ സുഷിരങ്ങളിലൂടെയോ അമീബ തലച്ചോറിലേക്ക് കടന്ന് മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുന്നു.വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നതാണ് പ്രധാന സാധ്യത. അണുബാധയുണ്ടായാൽ 1 മുതൽ 9 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. ശക്തമായ തലവേദന, പനി, ഛർദി, കഴുത്തുതിരിക്കാനുള്ള പ്രയാസം, വെളിച്ചത്തിലേക്ക് നോക്കാനുണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കുഞ്ഞുങ്ങളിൽ ഭക്ഷണവിമുഖത, അസാധാരണ പ്രതികരണങ്ങൾ, നിഷ്ക്രിയത തുടങ്ങിയവയും കാണപ്പെടാം. ഗുരുതരാവസ്ഥയിൽ അപസ്മാരം, ബോധക്ഷയം, ഓർമ്മക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകും.വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് മലിനമായ കുളങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കാതിരിക്കുക, മൃഗങ്ങളെ കുളിപ്പിക്കുന്ന സ്ഥലങ്ങളിൽ നിന്നുള്ള വെള്ളം ഒഴിവാക്കുക, വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കാതിരിക്കുക, സ്വിമ്മിങ് പൂളുകളിലും വാട്ടർ തീം പാർക്കുകളിലും വെള്ളം ക്ലോറിനേറ്റ് ചെയ്യുക, കൂടാതെ മൂക്കിലൂടെ വെള്ളം ഒഴിക്കുകയോ വലിച്ചുകയറ്റുകയോ ചെയ്യാതിരിക്കുകയെന്നതാണ്.