കേന്ദ്രസർക്കാർ ജി.എസ്.ടി നിരക്കുകൾ കുറയ്ക്കാനുള്ള നീക്കം സാധാരണ ജനങ്ങളുടെ ജീവിതച്ചെലവിൽ വലിയ ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12 ശതമാനവും 28 ശതമാനവും വരുന്ന നിലവിലെ നികുതി സ്ലാബുകൾ ഒഴിവാക്കി ഭൂരിഭാഗം ഉൽപ്പന്നങ്ങൾക്കുള്ള ജി.എസ്.ടി അഞ്ച് ശതമാനവും 18 ശതമാനവും മാത്രമാക്കാനാണ് പരിഷ്‌കരണത്തിന്റെ ലക്ഷ്യം. ഇതോടെ മരുന്നുകളും നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടെ പൊതുജനങ്ങൾക്കു നേരിട്ട് പ്രയോജനം ലഭിക്കും. ബിസിനസ് ക്ലാസ് വിമാനയാത്ര, 7000 രൂപയ്ക്ക് താഴെയുള്ള ഹോട്ടൽ നിരക്കുകൾ, 1000 രൂപയ്ക്ക് താഴെയുള്ള ചെരുപ്പുകൾ, 1000 രൂപയ്ക്ക് മുകളിലുള്ള തുണിത്തരങ്ങൾ എന്നിവയ്ക്കെല്ലാം 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി നികുതി ചുരുങ്ങും. അതുപോലെ തന്നെ 1200 സി.സി.യ്ക്ക് താഴെയുള്ള പെട്രോൾ, ഡീസൽ കാറുകൾക്കും 350 സി.സി.യ്ക്ക് താഴെയുള്ള രണ്ട് ചക്ര വാഹനങ്ങൾക്കും 28 ശതമാനത്തിന് പകരം 18 ശതമാനമായി കുറയും. ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന് 18 ശതമാനത്തിൽ നിന്ന് 5 ശതമാനം മാത്രമോ അല്ലെങ്കിൽ പൂർണമായും ഒഴിവാക്കാനോ സാധ്യതയുണ്ട്. ഒക്ടോബറിൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കിയിരിക്കുന്നത്. സെപ്തംബർ 3, 4 തീയതികളിൽ നടക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് അന്തിമ തീരുമാനം പ്രതീക്ഷിക്കപ്പെടുന്നത്. ഉത്സവകാല വിപണിയെ ബാധിക്കുമെന്ന ആശങ്ക വ്യാപാരികൾ ഉയർത്തുന്നുണ്ടെങ്കിലും, സാധാരണ ഉപഭോക്താക്കൾക്ക് വില കുറഞ്ഞ് ആശ്വാസം ലഭിക്കുമെന്നതാണ് പ്രധാന നേട്ടമായി കണക്കാക്കുന്നത്.