താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു. മഴ കുറഞ്ഞ സമയങ്ങളിൽ ചെറുവാഹനങ്ങൾക്ക് ഒറ്റവരിയായി സഞ്ചരിക്കാൻ മാത്രമേ അനുമതി ഉണ്ടാകൂ. ഭാരം കൂടിയ വാഹനങ്ങൾ കടത്തി വിടില്ലെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. മഴ ശക്തമായാൽ വാഹനഗതാഗതം പൂർണ്ണമായും നിർത്തിവയ്ക്കും.ചുരത്തിലെ കല്ലും മണ്ണും നീക്കം ചെയ്തിട്ടുണ്ടെങ്കിലും, സുരക്ഷ ഉറപ്പാക്കുന്നതിനായി താമരശ്ശേരി-വയനാട് ഭാഗങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കലക്ടർ നിർദ്ദേശം നൽകി. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരമേറിയ വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ വഴിയോ കണ്ണൂർ റോഡിലൂടെയോ സഞ്ചരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അടിയന്തര യോഗത്തിന് ശേഷമാണ് റവന്യൂ മന്ത്രി കെ. രാജൻ പ്രതികരിച്ചത്. 80 അടി ഉയരത്തിൽ നിന്നാണ് പൊട്ടലുണ്ടായതെന്നും, സോയിൽ പൈപ്പിങ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. റോഡിന്റെ താഴെ വിള്ളൽ സംഭവിച്ചിട്ടുണ്ടോ എന്ന് വിശദമായ പരിശോധന ആവശ്യമാണ്. ഇത്തരം സാഹചര്യത്തിൽ ഭാരവാഹനങ്ങൾ കടത്തി വിടുന്നത് സുരക്ഷിതമല്ലെന്നും മന്ത്രി വ്യക്തമാക്കി.കോഴിക്കോട്, വയനാട് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർ ഓൺലൈനായി ചേർന്ന യോഗത്തിലാണ് സാഹചര്യം വിലയിരുത്തിയത്.