കല്പറ്റ:വയനാട്ടുകാരുടെ ജീവൻപാതയായ താമരശ്ശേരി ചുരം ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയോട് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ചുരം പാതയിൽ തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയാനുള്ള നടപടികൾ വിലയിരുത്തുന്നതിനായി വിദഗ്ധ സംഘത്തെ അയയ്ക്കണമെന്നും അവർ കത്തിൽ ചൂണ്ടിക്കാട്ടി.ചുരത്തിൽ ഗതാഗതം തടസ്സപ്പെടുന്നത് വയനാട് ജില്ലയിലെ ജനങ്ങൾക്ക് ഗുരുതരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്നും, ആരോഗ്യ ആവശ്യങ്ങൾക്കുൾപ്പെടെ ജനങ്ങൾ ആശ്രയിക്കുന്നത് കോഴിക്കോട് ജില്ലയായതിനാൽ റോഡ് അടയുന്നത് ജില്ലയെ ഒറ്റപ്പെടലിലേക്കാണ് നയിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.ഓഗസ്റ്റ് 26-ന് ഉണ്ടായ വലിയ മണ്ണിടിച്ചിലിനെ തുടർന്ന് ചുരം വഴി ഗതാഗതം പൂർണമായും നിർത്തേണ്ടി വന്നിരുന്നു. ഇപ്പോഴും റോഡിൽ ഗതാഗതം നിലച്ചിരിക്കുകയാണെന്നും, കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നുവെന്നും കത്തിൽ പറയുന്നു. അപകടസാധ്യത വിലയിരുത്താനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും വിദഗ്ധസംഘത്തെ ഉടൻ നിയോഗിക്കണമെന്നും, അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനാകുന്ന രീതിയിൽ ബദൽ പാത ഒരുക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.ഇതിനൊപ്പം, 2023 നവംബറിൽ രാഹുൽ ഗാന്ധി എം.പി. വിളിച്ചുചേർത്ത ഹൈവേ ഉദ്യോഗസ്ഥരുടെ യോഗത്തിലും പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ റോഡ്, ചുരം ബൈപാസ്, പുതുപ്പാടി–മുത്തങ്ങ നാലുവരി പാത, ചുരത്തിലെ കൊടും വളവുകളുടെ വികസനം, ഹൈവേ വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ വേഗത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും പ്രിയങ്ക ഗാന്ധി ഓർമ്മപ്പെടുത്തി.