തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ ജനപിന്തുണ വർധിപ്പിക്കാൻ സർക്കാർ പുതിയ നീക്കങ്ങളുമായി മുന്നോട്ട്. ക്ഷേമപെൻഷൻ വർധനയും ജീവനക്കാരുടെ ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയ പദ്ധതിയാണ് ധനവകുപ്പ് ആസൂത്രണം ചെയ്യുന്നത്.ആദ്യ ഘട്ടത്തിൽ ക്ഷേമപെൻഷൻ 100 രൂപ കൂട്ടി 1700 രൂപയാക്കാനുള്ള ശുപാർശ മുന്നോട്ടുവച്ചിരിക്കുകയാണ്. ഒക്ടോബറിൽ തന്നെ വർധന നടപ്പിലാകാനാണ് സാധ്യത. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി വീണ്ടും 100 രൂപ കൂടി കൂട്ടാൻ സർക്കാർ ആലോചിക്കുന്നു.ഇതിനൊപ്പം, ഈ സാമ്പത്തികവർഷം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡിഎ നൽകുന്നതും ചർച്ചയിലാണ്. ശമ്പള പരിഷ്കരണം കാലാവധി കഴിയുന്നതിന് മുമ്പ് പ്രഖ്യാപിച്ചാൽ ജനങ്ങളിലെ പ്രതികരണം സർക്കാരിന് അനുകൂലമാകുമെന്ന് ധനവകുപ്പ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ ക്ഷേമപെൻഷൻ 2500 രൂപയാക്കുമെന്ന വാഗ്ദാനം ഉൾപ്പെടുത്തിയിരുന്നെങ്കിലും, നിലവിലെ ധനസ്ഥിതി പരിഗണിച്ച് അത്രയും വലിയ വർധന തൽക്കാലം സാധ്യമല്ലെന്ന് ധനവകുപ്പ് വ്യക്തമാക്കുന്നു.