ഇ.യു .ഡി.ആർ: കാപ്പി കർഷകർക്ക് വിനയായി യൂറോപ്യൻ യൂണിയൻ നിബന്ധനകൾ : വിപണിയെ സാരമായി ബാധിച്ചേക്കും

യൂറോപ്യൻ യൂണിയന്റെ പുതിയ ഇ.യു. ഡീഫോറസ്റ്റേഷൻ റെഗുലേഷൻ (EUDR) ഇന്ത്യൻ കാപ്പി കർഷകർക്ക് കടുത്ത വെല്ലുവിളിയായി മാറുന്നു. കാപ്പി കൃഷിക്കായി വനനശീകരണം നടത്തിയിട്ടില്ലെന്ന് ഓരോ കർഷകനും സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇത് പാലിക്കാത്ത പക്ഷം, 2025 ഡിസംബർ 31 മുതൽ ഇന്ത്യയിൽ നിന്നുള്ള കാപ്പി ഇറക്കുമതി യൂറോപ്യൻ രാജ്യങ്ങൾ നിർത്തിവയ്ക്കും.രാജ്യത്തെ കാപ്പി കയറ്റുമതി പ്രധാനമായും യൂറോപ്യൻ വിപണിയിലേക്കാണ്. കാലാവസ്ഥ വ്യതിയാനത്തിനെതിരായ കർശന നടപടികളുടെ ഭാഗമായാണ് ഇ.യു.ഡി.ആർ. നടപ്പാക്കുന്നത്. എന്നാൽ, ഇന്ത്യയിലെ കാപ്പി മേഖലയിലെ പലരും സമയത്ത് രജിസ്ട്രേഷനും സത്യവാങ്മൂലവും പൂർത്തിയാക്കിയിട്ടില്ല. ഇതോടെ ഇടുക്കി, വയനാട്, കർണാടകയിലെ കുടക് ജില്ലകൾ ഉൾപ്പെടെ പ്രധാന കാപ്പി മേഖലയ്ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന ഭീഷണി ഉയർന്നിരിക്കുകയാണ്.കാപ്പി ബോർഡ് ഇതിനകം “ഇന്ത്യാ കോഫി ആപ്പ്” വഴിയുള്ള രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കർഷകർ തങ്ങളുടെ കൃഷിയിടം രേഖപ്പെടുത്തുകയും വനനശീകരണം നടത്തിയിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്താൽ മാത്രമേ കയറ്റുമതി തുടർന്നുനടത്താനാകൂ. വയനാട്ടിൽ പ്രത്യേക കർഷക രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിക്കുമെന്ന് കോഫി ബോർഡ് ജോയിന്റ് ഡയറക്ടർ ഡോ. എം. കറുത്ത മണി അറിയിച്ചു.വർഷങ്ങളായി യൂറോപ്പിൽ മരത്തണലിൽ വളരുന്ന റോബസ്റ്റ കാപ്പിക്ക് വലിയ ആവശ്യകതയുണ്ടായിരുന്നു. എന്നാൽ പുതിയ നിയമങ്ങൾ നടപ്പിലായാൽ, ഡിമാൻഡിൽ കുറവും വിലയിൽ ഇടിവും സംഭവിക്കുമെന്ന ആശങ്കയാണ് കർഷകർ പങ്കുവയ്ക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top