ആദ്യം പെണ്‍കുട്ടികള്‍ മതി, സ്‌കൂളുകളില്‍ പുതിയ പരിഷ്‌കരണ നിര്‍ദേശവുമായി വിദ്യാഭ്യാസ മന്ത്രി - Wayanad Vartha

ആദ്യം പെണ്‍കുട്ടികള്‍ മതി, സ്‌കൂളുകളില്‍ പുതിയ പരിഷ്‌കരണ നിര്‍ദേശവുമായി വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസ രംഗത്ത് പുതുമകൾ കൊണ്ടുവരുന്നതിന് സംസ്ഥാനത്ത് വീണ്ടും പുതിയ നിർദേശവുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അടുത്ത അധ്യയന വർഷം മുതൽ ക്ലാസുകളിൽ ഹാജർ എടുക്കുമ്പോൾ ആദ്യം പെൺകുട്ടികളുടെ പേരുകൾ വിളിക്കണമെന്നതാണ് മന്ത്രിയുടെ പുതിയ നിർദേശം.

ഒരു മാദ്ധ്യമത്തിന്റെ ഓണാഘോഷത്തിൽ പങ്കെടുക്കവേയാണ് മന്ത്രി ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.മുമ്പും നിരവധി പരിഷ്‌കരണ നിർദേശങ്ങളുമായി മുന്നോട്ടുവന്നിട്ടുള്ള മന്ത്രി, ക്ലാസ് മുറികളിൽ “പിൻബെഞ്ചുകാർ” എന്ന ആശയം ഇല്ലാതാക്കേണ്ടതുണ്ടെന്നും ഒരിക്കലും ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ടുപോകാൻ പാടില്ലെന്നും വ്യക്തമാക്കിയിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക സർക്കാർ ലക്ഷ്യമാക്കുന്നതാണെന്നും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

അതേസമയം, സംസ്ഥാനത്തെ സ്കൂളുകളുടെ അവധിക്കാലക്രമം ജൂൺ-ജൂലൈ മാസങ്ങളിലേക്ക് മാറ്റണമെന്ന് മുൻപ് മന്ത്രിയുടെ അഭിപ്രായം ഏറെ ചര്‍ച്ചയായിരുന്നു. ഈ മാസങ്ങളിൽ കനത്ത മഴ മൂലം ക്ലാസുകൾക്ക് തടസ്സം നേരിടുന്നതും പഠനദിനങ്ങൾ നഷ്ടപ്പെടുന്നതുമാണ് ഇതിന് പിന്നിലെ പ്രധാന കാരണം.പഠനയാത്രകളെ സംബന്ധിച്ചും മന്ത്രി മുന്നോട്ട് വന്ന നിർദേശം ശ്രദ്ധേയമായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ പഠനയാത്രയിൽ നിന്നും ഒഴിവാക്കരുതെന്നും യാത്രകൾ എല്ലാവർക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. വിനോദത്തിനേക്കാൾ പഠനാനുഭവമാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യമാകേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.വിദ്യാഭ്യാസ മേഖലയിലെ ഇത്തരം പുതുവിധാനങ്ങൾ, കുട്ടികളുടെ വളർച്ചക്കും പഠനാന്തരീക്ഷത്തിനും ഗുണകരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top