മെഡിക്കല്‍ വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി: മന്ത്രി വീണാ ജോര്‍ജ്

വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (NMC) അനുമതി ലഭിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു.

രണ്ട് ജില്ലകള്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്ന ഈ തീരുമാനത്തെ മന്ത്രി സന്തോഷകരമായ നേട്ടമായി വിശേഷിപ്പിച്ചു.മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉടന്‍ തന്നെ രണ്ട് കോളേജുകളും സന്ദര്‍ശിച്ച് അഡ്മിഷന്‍ നടപടികള്‍ക്കായുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സമയബന്ധിതമായി എംബിബിഎസ് പ്രവേശനം പൂര്‍ത്തിയാക്കാനും പ്രത്യേകമായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ അടുത്തിടെ ചേര്‍ന്ന യോഗത്തിലാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇതിനകം തന്നെ കോളേജുകള്‍ക്കാവശ്യമായ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും പി.എസ്.സി വഴിയുള്ള നിയമനം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അധികമായി ആവശ്യമായ തസ്തികകള്‍ സംബന്ധിച്ച നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രണ്ട് കോളേജുകളുടെയും സമഗ്ര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വയനാട് മെഡിക്കല്‍ കോളേജിനായി കണ്ടെത്തിയ ഭൂമിയില്‍ അനുമതി ലഭിച്ചാലുടന്‍ കിഫ്ബി വഴി അക്കാഡമിക്, അഡ്മിനിസ്‌ട്രേറ്റീവ്, ഹോസ്റ്റല്‍ ബ്ലോക്കുകള്‍ ഉള്‍പ്പെടുത്തിയ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കും. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ വികസനം കിഫ്ബിയിലൂടെയും കാസര്‍ഗോഡ് ഡെവലപ്‌മെന്‍റ് പാക്കേജിലൂടെയും മുന്നോട്ടുകൊണ്ടുപോകും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top