ആധാർ ഇന്ത്യയിലെ ഓരോ പൗരനും ലഭിക്കുന്ന 12 അക്കങ്ങളുടെ ഏകീകൃത തിരിച്ചറിയൽ നമ്പറാണ്. അതിനാൽ തന്നെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിഗത രേഖകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ആധാറിലെ വിവരങ്ങൾ എല്ലായ്പ്പോഴും കൃത്യമായിരിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) വ്യക്തമാക്കുന്നു.
ഓരോ പത്ത് വർഷം കഴിഞ്ഞാൽ ആധാർ പുതുക്കുന്നത് നിർബന്ധമാണെന്നും, ഇപ്പോൾ സൗജന്യമായി വിവരങ്ങൾ പുതുക്കാനുള്ള അവസരം സെപ്റ്റംബർ 14 വരെ മാത്രമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അതിന് ശേഷം ആധാർ സെന്ററുകളിൽ നേരിട്ട് പുതുക്കുമ്പോൾ 50 രൂപ ഫീസ് അടയ്ക്കേണ്ടി വരും.ആധാർ ഓൺലൈനായി പുതുക്കണമെങ്കിൽ https://myaadhaar.uidai.gov.in സന്ദർശിച്ച് Aadhaar Update ഓപ്ഷൻ തിരഞ്ഞെടുക്കണം. പിന്നീട് OTP ഉപയോഗിച്ച് ലോഗിൻ ചെയ്ത് വിലാസം, പേര്, ജനനത്തീയതി പോലുള്ള വിവരങ്ങൾ തിരുത്താനാകും. പുതുക്കിയ വിവരങ്ങൾ തെളിയിക്കുന്ന രേഖകൾ അപ്ലോഡ് ചെയ്താൽ ഒരു അഭ്യർത്ഥന നമ്പർ ലഭിക്കും. ആ നമ്പർ ഉപയോഗിച്ച് അപ്ഡേറ്റിന്റെ പുരോഗതി പിന്നീട് പരിശോധിക്കാവുന്നതാണ്.ഫോട്ടോ, ബയോമെട്രിക്, ഐറിസ് എന്നീ വിവരങ്ങൾ പുതുക്കേണ്ടിവന്നാൽ അതിനായി ആധാർ സെന്ററുകളിലെത്തണം. സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കാൻ കുട്ടികൾ മുതൽ മുതിർന്ന പൗരന്മാർ വരെ ആധാർ നിർബന്ധമായതിനാൽ, സമയബന്ധിതമായി കാർഡ് പുതുക്കുന്നത് ഏറെ പ്രാധാന്യമുള്ളതാണ്.

സര്ക്കാര് ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; ക്ഷാമബത്ത വര്ദ്ധിപ്പിച്ചേക്കും
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലിക്ക് മുന്നോടിയായി സന്തോഷവാർത്ത ലഭിക്കാനാണ് സാധ്യത. 1.2 കോടിയിലധികം വരുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (DA)യും ക്ഷാമാശ്വാസവും (DR)യും വീണ്ടും വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഒക്ടോബർ ആദ്യവാരത്തിൽ 3 ശതമാനം വർദ്ധനവ് പ്രഖ്യാപിക്കപ്പെടുമെന്നാണ് സൂചന.ഈ പരിഷ്കരണത്തോടെ, ക്ഷാമബത്ത 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായി ഉയരും. പുതുക്കിയ നിരക്ക് 2025 ജൂലൈ മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ ജീവനക്കാർക്ക് മൂന്ന് മാസത്തെ കുടിശ്ശികയും ലഭിക്കുമെന്നാണു പ്രതീക്ഷ. ഒക്ടോബർ മാസത്തെ ശമ്പളത്തോടൊപ്പം തന്നെ വർദ്ധിച്ച തുക ക്രെഡിറ്റ് ചെയ്യാൻ സാധ്യതയുണ്ട്.കേന്ദ്രം പതിവുപോലെ വർഷത്തിൽ രണ്ടുതവണ ക്ഷാമബത്ത പരിഷ്കരിച്ചുവരുന്നു – ജനുവരി മുതൽ ജൂൺ വരെയുള്ളത് ഹോളിക്ക് മുമ്പും ജൂലൈ മുതൽ ഡിസംബർ വരെയുള്ളത് ദീപാവലിക്ക് മുമ്പുമാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 16-നാണ് ഡിഎ വർദ്ധനവ് പ്രഖ്യാപിച്ചത്. ഈ വർഷം ദീപാവലി ഒക്ടോബർ 20-21 തീയതികളിലായതിനാൽ, അന്ന് പ്രഖ്യാപനമുണ്ടാകാൻ സാധ്യത കൂടുതലാണ്.ഡിഎ കണക്കാക്കുന്നത് വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക (CPI-IW) അടിസ്ഥാനമാക്കിയാണ്. 2024 ജൂലൈ മുതൽ 2025 ജൂൺ വരെയുള്ള ശരാശരി CPI-IW 143.6 ആയിരുന്നു.ഉദാഹരണത്തിന്, 18,000 രൂപയുടെ അടിസ്ഥാന ശമ്പളം ലഭിക്കുന്ന ജീവനക്കാരന്റെ ഡിഎ 9,900 രൂപയിൽ നിന്ന് 10,440 രൂപയായി ഉയരും. ഇതോടെ പ്രതിമാസം 540 രൂപയുടെ വർദ്ധനവ് ലഭിക്കും. അതുപോലെ, 20,000 രൂപ അടിസ്ഥാന പെൻഷൻ ലഭിക്കുന്നവർക്ക് പ്രതിമാസം 600 രൂപയുടെ വർദ്ധനവ് ഉണ്ടാകും.2025 ഡിസംബർ 31-ന് 7-ാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിക്കുന്നതിനാൽ, ഒക്ടോബറിൽ ലഭ്യമാകുന്ന ഈ പരിഷ്കരണം നിലവിലെ കമ്മീഷൻ പ്രകാരമുള്ള അവസാന ഡിഎ വർദ്ധനവായിരിക്കും

ഓണക്കാലത്ത് ബെവ്കോ വിറ്റത് 826 കോടിയുടെ മദ്യം; കഴിഞ്ഞകൊല്ലത്തേക്കാള് 50 കോടി അധികം
2025ഓണാഘോഷവുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് ബെവറേജസ് കോർപ്പറേഷൻ റെക്കോഡ് മദ്യവിൽപ്പന നടത്തി. സീസണിലെ 10 ദിവസങ്ങളിൽ മാത്രമായി 826 കോടിയുടെ മദ്യമാണ് ഷോപ്പുകളിലൂടെയും വെയർഹൗസുകളിലൂടെയും വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ 776 കോടി രൂപയോട് താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ 50 കോടി അധികം വരുമാനമാണ് ലഭിച്ചത്.ഉത്രാടദിനം മാത്രം 137 കോടിയുടെ മദ്യവിൽപ്പന നടന്നു. കഴിഞ്ഞ ഓണത്തിൽ ഇതേ ദിവസം 126 കോടിയായിരുന്നു വിൽപ്പന. ഉത്രാടദിനത്തിൽ ഒരു കോടിയിലധികം വിറ്റഴിക്കപ്പെട്ട ആറ് ഔട്ട്ലെറ്റുകളിൽ മൂന്നും കൊല്ലം ജില്ലയിലാണ്. കരുനാഗപ്പള്ളി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന — 1.46 കോടി. ആശ്രാമം (കാവനാട്) ഔട്ട്ലെറ്റിൽ 1.24 കോടിയും, മലപ്പുറം എടപ്പാൾ കുറ്റിപ്പാലയിൽ 1.11 കോടിയും, തൃശ്ശൂർ ചാലക്കുടിയിൽ 1.07 കോടിയും, ഇരിങ്ങാലക്കുടയിൽ 1.03 കോടിയും, കൊല്ലം കുണ്ടറയിൽ 1 കോടിയും രൂപയുടെ വിൽപ്പന നടന്നു.തിരുവോണദിനത്തിൽ ബെവ്കോ ഷോപ്പുകൾ അടഞ്ഞുകിടന്നതിനാൽ ആ ദിവസം വിൽപ്പന ഉണ്ടായിരുന്നില്ല.