അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്ന് ഹൈക്കോടതി

അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സ്ഥാപനങ്ങളല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ഏകീകൃത സേവന നിരക്കിന് പുറത്തുകൂടി ചാര്‍ജ് ഈടാക്കാന്‍ കേന്ദ്രങ്ങള്‍ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.ഓള്‍ കേരള അക്ഷയ എന്റര്‍പ്രണേഴ്‌സ് കോണ്‍ഫെഡറേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് ഘടന പ്രവര്‍ത്തന ചെലവും വിഭവങ്ങളും കണക്കിലെടുക്കാത്തതാണ് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി.വ്യത്യസ്ത കേന്ദ്രങ്ങളില്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതിനെതിരെ പൊതുജനങ്ങളില്‍ നിന്ന് ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ആഗസ്റ്റ് ആറിന് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. കെ-സ്മാര്‍ട്ട് വഴിയുള്ള 13 പ്രധാന സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച ഫീസ് കേന്ദ്രങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഓണ്‍ലൈന്‍ അപേക്ഷകള്‍, പരീക്ഷകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള അപേക്ഷകള്‍ തുടങ്ങി നിരവധി സേവനങ്ങള്‍ക്ക് അമിത സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതികള്‍ നേരത്തെയും ഉയര്‍ന്നിരുന്നു. തിരക്കിനിടയില്‍ പലരും ചോദ്യം ചെയ്യാതിരുന്നതോടെ ചില കേന്ദ്രങ്ങള്‍ പൊതുജനത്തെ ചൂഷണം ചെയ്യുന്ന അവസ്ഥ ഉണ്ടായിരുന്നു.ഇനിമുതല്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്ക് വ്യക്തമാക്കാതെ അധിക ചാര്‍ജ് ഈടാക്കിയാല്‍ നടപടിയുണ്ടാകും. അക്ഷയ സേവനവുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാ ഭരണകൂടത്തിനും അക്ഷയ സ്റ്റേറ്റ് പ്രോജക്ട് ഓഫീസിനും സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

വയനാടിന്റെ സ്വപ്ന പദ്ധതി വീണ്ടും സജീവം; പൂഴിത്തോട്–പടിഞ്ഞാറത്തറ ബദല്‍പാത സര്‍വേ ഇന്ന് തുടങ്ങും

ഏകദേശം 70 ശതമാനം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉപേക്ഷിക്കപ്പെട്ട വയനാടിന്റെ സ്വപ്ന പദ്ധതി — പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍പാത —യ്ക്ക് പുതുജീവന്‍. മൂന്നു പതിറ്റാണ്ട് നീണ്ട അവഗണനക്കുശേഷം ഇന്ന് വീണ്ടും സര്‍വേ നടപടികള്‍ ആരംഭിക്കുന്നു. വനമലയാലും ഗതാഗതപ്രശ്‌നങ്ങളാലും ബുദ്ധിമുട്ടുന്ന വയനാട്ടുകാരുടെ ഏറെ പ്രതീക്ഷയോടെയാണ് പദ്ധതി വീണ്ടും സജീവമാകുന്നത്.കോഴിക്കോട് ജില്ലയിലെ പൂഴിത്തോട് ഭാഗത്ത് അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് ഇന്ന് സര്‍വേ നടക്കുന്നത്. വയനാട് ജില്ലാ പരിധിയിലെ സര്‍വേ നേരത്തെ പൂര്‍ത്തിയായിരുന്നു. മല തുരക്കാതെ തന്നെ, അനാവശ്യമായ കോടികള്‍ ചിലവഴിക്കാതെ യാഥാര്‍ത്ഥ്യമാക്കാവുന്ന ചുരമില്ലാ പാത, 70 ശതമാനം പൂര്‍ത്തീകരണത്തിനുശേഷമാണ് ഉപേക്ഷിക്കപ്പെട്ടത്. സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും, രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവമാണ് പദ്ധതിയുടെ പരാജയത്തിന് പിന്നിലെ പ്രധാന കാരണമെന്ന് വിമര്‍ശനമുയരുന്നു.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും, കേന്ദ്രത്തില്‍ യുഎപിഎയും എന്‍ഡിഎയും മാറിമാറി ഭരിച്ചിട്ടും വയനാട്ടുകാരുടെ ജീവന്‍ പ്രശ്‌നമായ ഈ പദ്ധതിയിലേക്ക് യാതൊരു നീക്കവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പുതിയ സര്‍വേ നടപടികള്‍ പ്രതീക്ഷയ്ക്ക് വഴിയൊരുക്കുന്നുവെങ്കിലും, പദ്ധതി യാഥാര്‍ത്ഥ്യമാകുമോ എന്ന കാര്യത്തില്‍ പൊതുജനങ്ങളില്‍ ഇപ്പോഴും ആശങ്ക തുടരുകയാണ്.

മ്യൂള്‍ അക്കൗണ്ട് തട്ടിപ്പ്; കമ്പളക്കാട് സ്റ്റേഷനില്‍ മാത്രം ആറോളം കേസുകള്‍

വയനാട് ജില്ലയിലെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ഉത്തരേന്ത്യന്‍ സൈബര്‍ സംഘം കോടികള്‍ തട്ടിയെടുത്തതായി വെളിപ്പെട്ടിരിക്കുന്നത്. ജില്ലയില്‍ മാത്രം അഞ്ഞൂറോളം പേരുടെ അക്കൗണ്ടുകള്‍ 5,000 മുതല്‍ 10,000 രൂപ വരെ നല്‍കി വാങ്ങിയാണ് സംഘം ഇടപാടുകള്‍ നടത്തിയത്.സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും അക്കൗണ്ടുകളാണ് കൂടുതലായും സൈബര്‍ മാഫിയയുടെ പിടിയിലായത്.കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം ആറോളം കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അരിഞ്ചേര്‍മല സ്വദേശിയായ ഇസ്മായിലിനെ കഴിഞ്ഞ സെപ്തംബറില്‍ നാഗാലാന്‍ഡ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തു വന്നത്. ഇയാളോടൊപ്പം പ്രവര്‍ത്തിച്ച മറ്റുരണ്ടുപേരെക്കുറിച്ചും അന്വേഷണം ശക്തമാണ്.പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനാണ് ഇത്തരം അക്കൗണ്ടുകള്‍ കൈക്കലാക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അക്കൗണ്ട്, എ.ടി.എം കാര്‍ഡ്, പിന്‍ എന്നിവ കൈമാറി ചെറിയ തുക ലഭിക്കുന്നുവെന്ന കാരണത്താല്‍ നിരവധി വിദ്യാര്‍ഥികളും യുവാക്കളും വലയിലാവുകയാണ്. കേസ് വന്നാല്‍ പ്രതി ചേര്‍ക്കപ്പെടുന്നത് അക്കൗണ്ട് ഉടമയായതിനാല്‍ നിരപരാധികള്‍ പോലും കുടുങ്ങുന്ന സാഹചര്യമാണുള്ളത്.ജില്ലയില്‍ പരാതി നല്‍കാന്‍ പലരും മടിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം നീങ്ങുന്നത്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം അക്കൗണ്ടുകള്‍ വഴി വന്‍ ഇടപാടുകളും കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top