കൽപ്പറ്റ നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാർട്ട് കംഫർട്ട് സ്റ്റേഷൻ തയ്യാർ. ജില്ലാ ആസ്ഥാനത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിർമാണം പൂര്‍ത്തീകരിച്ച ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി. ജെ ഐസക് നിർവഹിച്ചു. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് എല്ലാവിധ സൗകര്യങ്ങളോടുംകൂടി നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേഷൻ പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാവുമെന്ന് അദ്ദേഹം പറഞ്ഞു. കൽപ്പറ്റയിൽ നഗരസഭാ വികസനത്തിന്റെ ഭാഗമായി പണിപൂർത്തീകരിച്ച അമ്മൂസ് കോംപ്ലക്സ് റോഡ് ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കും സ്ത്രീകൾക്കും യാത്രക്കാർക്കും സൗകര്യപ്രദമാകുന്ന രീതിയിൽ ഹരിതമാനദണ്ഡങ്ങൾ പാലിച്ച് ആധുനിക രീതിയിൽ നിർമ്മിച്ച കെട്ടിട്ടം പൊതുജനങ്ങൾക്ക് വലിയ ആശ്വാസമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.റോഡ് നവീകരണം ഉൾപ്പെടെ 45 ലക്ഷം രൂപയുടെ നഗരസഭാ പ്ലാൻ ഫണ്ടും തനത് ഫണ്ടും വിനിയോഗിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. കെട്ടിട നിർമ്മാണത്തിനും റോഡ് നിർമ്മാണത്തിനും അണ്ടർഗ്രൗണ്ട് ടാങ്ക് നിർമ്മാണത്തിനുമായി 30 ലക്ഷം രൂപയും, റിയാക്ടർ മെഷീന് വേണ്ടി 15 ലക്ഷം രൂപയും ചെലവഴിച്ചു. അഞ്ച് കിലോലിറ്റർ വെള്ളം പ്രതിദിനം ശുദ്ധീകരിക്കാൻ ശേഷിയുള്ള ടാങ്ക് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സീവേജ് ട്രീറ്റ്മെൻമെന്റ് പ്ലാന്റിന് വേണ്ടി സ്വീക്വൻസിങ് ബാച്ച് റിയാക്ടർ ടെക്നോളജി ഉപയോഗപ്പെടുത്തി നിർമിച്ച ടോയ്ലറ്റ് സംവിധാനത്തിന്റെ സാങ്കേതികവിദ്യ ആൻഡമാൻ കേന്ദ്രമായ കമ്പനിയുടേതാണ്. ഉപയോഗശേഷമുള്ള മലിനജലം മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് ശുദ്ധീകരിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എയർ കണ്ടിഷണർ ബേ ബ്ലോക്കിൽ മൂന്ന് ഷിഫ്റ്റുകളിലായി ജോലിക്കാരുണ്ടാകും.കൽപ്പറ്റ നഗരസഭ വൈസ് ചെയർപേഴ്സൺ സരോജിനി ഓടമ്പത്ത് അധ്യക്ഷയായ ഉദ്ഘാടന ചടങ്ങിൽ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എ.പി മുസ്തഫ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് കേയംതൊടി, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ആയിഷ പള്ളിയാൽ, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ രാജാറാണി, വിദ്യാഭ്യാസ കലാകായിക സ്ഥിരംസമിചി അധ്യക്ഷൻ സി. കെ ശിവരാമൻ, നഗരസഭ ഡിവിഷൻ കൗൺസിലർ ഷെരീഫ, ജില്ലാ ടൗൺ പ്ലാനർ കെ. എസ് രഞ്ജിത്ത്, ശുചിത്വമിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഹർഷൻ, കൽപ്പറ്റ നഗരസഭാ അസിസ്റ്റന്റ് എൻജിനീയർ കെ. മുനവർ, കൽപ്പറ്റ നഗരസഭാ സെക്രട്ടറി എൻ.കെ അലി അസ്ഹർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

കെഎസ്ആര്‍ടിസിയില്‍ ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നു; ഉത്തരവ് പുറത്തിറക്കി
കെഎസ്ആർടിസി ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നു. ഇതിനായി കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.വായ്പ്പാട്ടിലോ സംഗീതോപകരണങ്ങളിലോ കഴിവുള്ള ജീവനക്കാരും കുടുംബാംഗങ്ങളും ട്രൂപ്പിൽ പങ്കെടുക്കാനായി അപേക്ഷിക്കാം. സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് 2 മണിവരെ അപേക്ഷ സമർപ്പിക്കാനാകും.മൂന്ന് മുതൽ അഞ്ച് മിനിറ്റ് വരെയുള്ള വീഡിയോ സഹിതം അപേക്ഷ സമർപ്പിക്കണം. സംഗീതരംഗത്ത് അംഗീകാരം നേടിയിട്ടുള്ളവർക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും സമർപ്പിക്കാം എന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് വയനാട്ടിലുണ്ടായ ആത്മഹത്യകള്‍; ഇരകളെ കയ്യൊഴിഞ്ഞ് കെപിസിസി നേതൃത്വം
വയനാട് ആത്മഹത്യകളിൽ പാർട്ടി ഉത്തരവാദിത്വം നിറവേറ്റിയതായി കെപിസിസി യോഗംതിരുവനന്തപുരം: വയനാട് കോൺഗ്രസ് നേതാക്കളുടെ ആത്മഹത്യകളിൽ പാർട്ടി ചെയ്ത നടപടികളെക്കുറിച്ച് കെപിസിസി യോഗത്തിൽ വിശദീകരണം ഉയർന്നു. എൻ.എം. വിജയന്റെ കുടുംബത്തിന് പരമാവധി സഹായം നൽകിയിട്ടുണ്ടെന്ന് നേതാക്കൾ വ്യക്തമാക്കി.യോഗത്തിൽ നേതാക്കളെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും കടുത്ത വിമർശനമുണ്ടായി. “സോഷ്യൽ മീഡിയ വഴി നടത്തുന്ന ആക്രമണം അവസാനിപ്പിക്കണം, അതിന് പ്രോത്സാഹനം നൽകുന്നവർ പോലും ശ്രദ്ധിക്കണം,” എന്ന് കെ. മുരളീധരൻ തുറന്നടിച്ചു.രാഹുൽ വിഷയത്തിൽ വ്യക്തതയില്ലാത്ത നിലപാട് നേതാക്കൾ സ്വീകരിക്കുന്നതാണ് ആക്രമണങ്ങൾക്ക് കാരണമെന്നാണ് വിടി. ബൽറാം അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയത്. “വർക്കിംഗ് പ്രസിഡന്റുമാർ അടക്കം പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വിഡി. സതീശൻ മാത്രം നിലപാട് ആവർത്തിക്കുമ്പോൾ അജണ്ടയുണ്ടെന്ന സംശയം ഉയരാം,” എന്നും അഭിപ്രായം ഉയര്‍ന്നു.യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീർ രാഹുൽ മാങ്കുട്ടത്തിനൊപ്പം സഭയിൽ എത്തിയപ്പോൾ അത് നേതാക്കളുടെ പിന്തുണയോടെയാണെന്ന് പറയുന്നതിൽ തെറ്റില്ലെന്ന വിലയിരുത്തലും യോഗത്തിൽ ഉയർന്നു.കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിനെതിരായ ആക്രമണങ്ങളും യോഗത്തിൽ ചർച്ചയായി. ഇതുസംബന്ധിച്ച കാര്യങ്ങൾ വിടി. ബൽറാമിന്റെ നേതൃത്വത്തിൽ പരിശോധിക്കാൻ തീരുമാനിച്ചു. എന്നാൽ യോഗത്തിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് രാഹുൽ മാങ്കുട്ടം വിഷയം പരാമർശിക്കാതിരിക്കുകയും അവഗണിക്കുകയും ചെയ്തു.