കേരളത്തില്‍ സ്വര്‍ണ്ണവില വീണ്ടും കുതിച്ചുയര്‍ന്ന് ചരിത്രത്തിലെ മറ്റൊരു റെക്കോര്‍ഡ് പിന്നിട്ടിരിക്കുന്നു. ഗ്രാമിന് 80 രൂപ കൂടി 10,260 രൂപയായപ്പോള്‍, പവന് 640 രൂപ വര്‍ധിച്ച് 82,080 രൂപയായി. 18, 14, 9 കാരറ്റ് സ്വര്‍ണത്തിനും അനുപാതികമായ വില വര്‍ധന രേഖപ്പെടുത്തി. വെള്ളിയുടെയും വില ഉയര്‍ന്ന നിലയിലാണ്, അന്താരാഷ്ട്ര വിപണിയില്‍ 42.54 ഡോളര്‍ നിരക്കിലാണ് ഇപ്പോള്‍.ശനിയാഴ്ച്ച ചെറിയ തോതില്‍ ഇടിഞ്ഞിരുന്ന വില ഇന്ന് വീണ്ടും കുതിച്ചുയര്‍ന്നതോടെ വിവാഹ വിപണിയും ആഭരണ വ്യാപാരവും പ്രതിസന്ധിയിലായി. ഉപഭോക്താക്കളുടെ വാങ്ങല്‍ ശക്തി കുറഞ്ഞുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. ദീപാവലി അടുത്തെത്തുന്നതിനാല്‍ വിലയില്‍ ഇനിയും വര്‍ധന പ്രതീക്ഷിക്കാമെന്നതാണ് വിപണിയിലെ വിലയിരുത്തല്‍. ചിലര്‍ പ്രവചിക്കുന്നതു പോലെ ഗ്രാമിന് 12,000 രൂപയിലേക്ക് സ്വര്‍ണ്ണവില നീങ്ങുമെന്ന സൂചനയും ശക്തമാണ്.അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണവില ഉയരുന്ന പ്രവണതയാണ്. 3,681 ഡോളറായിരിക്കുന്ന വില അടുത്തിടെ 3,800 ഡോളറിലേക്ക് എത്തുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. രൂപയുടെ വിനിമയ നിരക്ക് 88.08 എന്ന നിലയില്‍ തുടരുന്നതും വിലയില്‍ തിരിച്ചടിയായി.വില വര്‍ധനയ്ക്ക് പിന്നിലെ പ്രധാന കാരണം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളാണ്. പലിശ അര ശതമാനം കുറച്ചാല്‍ സ്വര്‍ണ്ണവില കൂടുതല്‍ ഉയര്‍ന്നേക്കും. എന്നാല്‍ കാല്‍ ശതമാനം കുറച്ചാല്‍ നിക്ഷേപകര്‍ ലാഭം ഏറ്റെടുത്ത് പിന്മാറാന്‍ സാധ്യതയുള്ളതിനാല്‍ വിലയില്‍ ചെറിയ തോതില്‍ കുറവ് വരാനുമുണ്ട്.ആഘോഷ സീസണിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണ്ണവിലയില്‍ തുടര്‍ന്നും ഉയര്‍ച്ച പ്രതീക്ഷിക്കാമെന്നാണ് വ്യാപാരികളും വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

കുട്ട – മാനന്തവാടി – പുറക്കാട്ടിരിഗ്രീന്‍ഫീല്‍ഡ് ഹൈവേ:കോഴിക്കോടിന്റെ സാമ്പത്തിക ഇടനാഴി
കേരളത്തിൽ നടപ്പാക്കാൻ പോകുന്ന ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി സംസ്ഥാനത്തിന്റെ ഗതാഗത ഭൂപടത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. കോഴിക്കോട് മുതൽ പൂനെ, ഹൈദരാബാദ്, അമരാവതി, നാഗ്പൂർ തുടങ്ങി നിരവധി പ്രധാന നഗരങ്ങളിലേക്കുള്ള സമാന്തര പാതകൾ ഇതിനാൽ തുറന്നു കിട്ടും.മൈസൂർ, ബാംഗ്ലൂർ നഗരങ്ങളിലേക്കുള്ള രാത്രിയാത്രാ നിയന്ത്രണമില്ലാത്ത 24 മണിക്കൂർ ചരക്ക് ഗതാഗത പാത എന്ന നിലയിലും ഇത് പ്രാധാന്യം നേടും.കണ്ണൂർ വിമാനത്താവളം–കുറ്റ്യാടി നാലുവരിപ്പാത, സംസ്ഥാന–ദേശീയപാതകൾ, പണിപൂർത്തിയാകുന്ന മലയോര ഹൈവേ എന്നിവയുമായി ചേർന്നപ്പോൾ താമരശ്ശേരി ചുരത്തിനും കുറ്റ്യാടി ചുരത്തിനുമിടയിലെ മലയോര മേഖലയിൽ മികച്ച റോഡ് നെറ്റ്‌വർക്ക് രൂപപ്പെടും. ഇതോടെ ഇപ്പോഴും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾ വികസനത്തിനും ടൂറിസത്തിനും വലിയ അവസരം കണ്ടെത്തും.അകലാപ്പുഴ മുതൽ ബാണാസുരസാഗർ വരെയുള്ള വഴിയിൽ കടൽ, കായൽ, മലനിരകൾ തുടങ്ങി വൈവിധ്യമാർന്ന പ്രകൃതി കാഴ്ചകൾ ഈ ഹൈവേയ്ക്ക് ഇരുവശത്തും അനുഗമിക്കുന്നതാണ്. ഇതുവഴി ടൂറിസം വികസനം കൂടി പ്രതീക്ഷിക്കപ്പെടുന്നു.

സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനം തടയാൻ എ.ഐ കൺട്രോൾ റൂമുകൾ: സുപ്രീംകോടതി നിർദ്ദേശം
പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന കസ്റ്റഡി മർദ്ദനവും കൊലപാതകങ്ങളും തടയാൻ എ.ഐ നിയന്ത്രിത നിരീക്ഷണ സംവിധാനം കൊണ്ടുവരണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. സി.സി.ടി.വി ക്യാമറകൾ പല സ്റ്റേഷനുകളിലും പ്രവർത്തനക്ഷമമല്ലാത്തതും പലപ്പോഴും ഉദ്ദേശപൂർവ്വം ഓഫാക്കുന്നതുമാണ് മനുഷ്യാവകാശ ലംഘനങ്ങൾക്ക് വഴി തെളിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവർ അധ്യക്ഷരായ ബെഞ്ച് വ്യക്തമാക്കിയത്, ഭാവിയിൽ പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ മനുഷ്യരുടെ ഇടപെടലില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകളിലായിരിക്കും നിരീക്ഷിക്കേണ്ടത് എന്നതാണ്. ക്യാമറകൾ പ്രവർത്തനരഹിതമായാൽ എ.ഐ സംവിധാനങ്ങൾ അത് ഉടൻ തിരിച്ചറിഞ്ഞ് തുടർനടപടികൾക്ക് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു.കേരളത്തിലടക്കം കസ്റ്റഡി മർദ്ദനങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് സുപ്രീംകോടതി വിഷയത്തിൽ സ്വമേധയാ ഇടപെട്ടത്. “സി.സി.ടി.വി സ്ഥാപിച്ചുവെന്ന് ഉദ്യോഗസ്ഥർ സത്യവാങ്മൂലം സമർപ്പിക്കുന്നുവെങ്കിലും, പിന്നീട് അവർ തന്നെ ക്യാമറകൾ ഓഫാക്കുന്നു” എന്ന കടുത്ത വിമർശനവും കോടതി രേഖപ്പെടുത്തി.ഈ വിഷയത്തിൽ അന്തിമ വിധി സെപ്റ്റംബർ 26-ന് പ്രഖ്യാപിക്കും.