നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും സാധന സാമഗ്രികള്‍ മോഷ്ടിച്ചു;മൂന്ന് പേര്‍ പിടിയില്‍

പേരിയ സ്വദേശി ദിലീപിന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പ്ലമ്പിങ് സാധനങ്ങൾ, ഇൻവെർട്ടർ, സിസിടിവി ക്യാമറകൾ, കൂടാതെ വില കണക്കാക്കാനാകാത്ത ചെമ്പ് പാത്രങ്ങളും വിളക്കുകളും മോഷണം പോയ സംഭവത്തിൽ തലപ്പുഴ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.ഓട്ടോ ഡ്രൈവറായ പനമരം ചുണ്ടക്കുന്ന് തേക്കാത്തകുഴി സ്വദേശി സലീം ടി.കെ (52), പനമരം ചെറുകാട്ടൂർ പാറക്കുനി ഉന്നതിയിലെ തങ്കമണി (28), ഇരിട്ടി ശ്രീകണ്ഠാപുരം മണികണ്ഠ വീട്ടിൽ സെൽവി (27) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ട കെ.എൽ 72 ഡി 8291 നമ്പർ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.മോഷണ സാമഗ്രികളുമായി കടന്നുകളയുന്നതിനിടെ നാട്ടുകാർ രണ്ട് തവണ പ്രതികളെ തടയാൻ ശ്രമിച്ചെങ്കിലും, ഓട്ടോ ഡ്രൈവറായ സലീം വാഹനം വിദഗ്ധമായി ഓടിച്ചു രക്ഷപ്പെടുകയായിരുന്നു.

രണ്ട് ദിവസത്തെ ഇടിവിന് പിന്നാലെ ഇന്ന് വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില

ഇന്ന് സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് വിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി 81,640 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 10,205 രൂപയാണ് പുതിയ നിരക്ക്.സെപ്റ്റംബർ 16-ന് 82,080 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തിയ സ്വർണവില, തുടർന്ന് 17-ന് 160 രൂപയും 18-ന് 400 രൂപയും കുറഞ്ഞിരുന്നു. എന്നാൽ, ഇന്നത്തെ വർധനവ് വീണ്ടും സ്വർണവിപണിയിൽ ചലനമുണ്ടാക്കിയിരിക്കുകയാണ്.സെപ്റ്റംബർ ഒന്നിന് 77,640 രൂപയ്ക്ക് വില്പന നടന്ന സ്വർണവില, ദിവസങ്ങളിലെ തുടർച്ചയായ ഉയർച്ചകൾക്ക് പിന്നാലെയാണ് 16-ന് റെക്കോർഡ് നിരക്കിലെത്തിയത്. പിന്നീട് ഉണ്ടായ ഇടിവ് വാങ്ങുന്നവർക്കൊരു ആശ്വാസമായിരുന്നെങ്കിലും, ഇന്നത്തെ വർധനവ് സ്വർണവിലയുടെ അനിശ്ചിതത്വം തുടരുന്നതായി സൂചിപ്പിക്കുന്നു.

പ്രകൃതിദുരന്ത മുന്നറിയിപ്പ് സംവിധാനം ഒരുക്കാൻ സര്‍ക്കാര്‍ സഹകരിക്കുന്നില്ല: അമൃതാനന്ദമയി മഠം

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ അമൃതാനന്ദമയി മഠം തയ്യാറാക്കിയ പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനം സർക്കാർ അനാവശ്യമായ നിബന്ധനകള്‍ മൂലം തടസ്സപ്പെടുകയാണെന്ന് മഠം അധികൃതർ വ്യക്തമാക്കി.15 കോടി രൂപ ചെലവഴിച്ച് വയനാട്ടിലെ 14 സ്ഥലങ്ങളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാനുള്ള പഠനം പൂർത്തിയാക്കി പദ്ധതി സർക്കാരിന് സമർപ്പിച്ചിരുന്നുവെങ്കിലും, ഡാറ്റ ഷെയറിംഗ് സംബന്ധിച്ച വിഷയത്തിലാണ് സർക്കാർ തടസ്സമുണ്ടാക്കുന്നതെന്ന് അമൃത വിശ്വവിദ്യാപീഠം അധ്യക്ഷ ഡോ. മനീഷ വി. രമേശ് പറഞ്ഞു.അമൃതാനന്ദമയിയുടെ 72-ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം, 71-ാം ജന്മദിനാഘോഷത്തിനിടെയാണ് വയനാട്ടിൽ ദുരന്ത മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതെന്ന് അവര്‍ ഓർമ്മിപ്പിച്ചു. ഇതിനുള്ള ഫണ്ടിംഗ് ഏജൻസിയും കണ്ടെത്തി പ്രാഥമിക നടപടികളും പൂർത്തിയാക്കിയ ശേഷമാണ് സർക്കാർ അനുമതി തേടിയതെന്ന് അറിയിച്ചു.മൂന്നാറിലും ആസാമിലുമുള്ള സമാന മുന്നറിയിപ്പ് സംവിധാനങ്ങൾ അമൃതയുടെ കീഴിൽ നിലവിലുണ്ട്. അവിടെയുണ്ടായ മുന്നറിയിപ്പുകൾ പലപ്പോഴും ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും മനീഷ പറഞ്ഞു. എന്നാൽ വയനാട്ടിന്റെ കാര്യത്തിൽ സർക്കാരിന് മൂന്നു തവണ കത്ത് നല്‍കിയിട്ടും ഒരേ മറുപടി മാത്രമാണ് ലഭിച്ചിട്ടുള്ളത് എന്നും അവർ കൂട്ടിച്ചേർത്തു.പത്രസമ്മേളനത്തിൽ അമൃതാനന്ദമഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top