
തുടർച്ചയായ വിലക്കയറ്റത്തിന് ശേഷം സ്വർണവിലയിൽ ഇന്ന് അപ്രതീക്ഷിതമായി ഇടിവുണ്ടായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലുടനീളം രാവിലെയും വൈകുന്നേരവും വില ഉയർന്നിരുന്നെങ്കിലും ഇന്ന് പവന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് 84,600 രൂപയും ഗ്രാമിന് 10,575 രൂപയുമായി.
ഇന്നലെ 84,840 രൂപയിലെത്തി സ്വർണം എക്കാലത്തേയും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. രാവിലെ 83,840 രൂപയായിരുന്ന വില വൈകുന്നേരത്തോടെ ആയിരം രൂപ കൂടി ഉയർന്നതായിരുന്നു. സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ 77,640 രൂപയായിരുന്ന പവന്റെ വില സെപ്റ്റംബർ 9-ന് 80,880 രൂപയായി ഉയർന്നിരുന്നു.ഒരു പവന് ആഭരണം വാങ്ങുമ്പോൾ പണിക്കൂലി ഉൾപ്പെടെയുള്ള ചെലവുകൾ ചേർത്ത് 90,000 രൂപയ്ക്കുമുകളിലാണ് ഇപ്പോൾ ജ്വല്ലറികളിൽ നൽകേണ്ടി വരുന്നത്. വിവാഹപ്പാർട്ടികൾക്കും ആഭരണം വാങ്ങാനുദ്ദേശിക്കുന്ന കുടുംബങ്ങൾക്കും ഇത് വലിയ ബാധ്യതയായി മാറും.രാജ്യാന്തര വിപണിയിലെ വിലക്കയറ്റവും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വർണവില കുതിച്ചുയരാനുള്ള പ്രധാന കാരണം. ഇന്നലെ രൂപ ഡോളറിനെതിരെ 88.76 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു.
പെൻഷൻ വിതരണം നാളെ ആരംഭിക്കും; ബാങ്കിലൂടെയും വീടുകളിലെത്തിയും തുക കൈമാറും
ഈ മാസത്തെ സാമൂഹ്യസുരക്ഷയും ക്ഷേമനിധി പെൻഷനും നാളെ മുതൽ വിതരണം ആരംഭിക്കും. വിതരണം നടത്തുന്നതിനായി സംസ്ഥാന സർക്കാർ 841 കോടി രൂപ മാറ്റിവെച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.മൊത്തം 62 ലക്ഷത്തോളം പേർക്ക് ഓരോരുത്തർക്കും 1600 രൂപ വീതമാണ് ലഭിക്കുക. ഇതിൽ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് തുക ക്രെഡിറ്റ് ചെയ്യും. മറ്റ് പ്രയോജനക്കാർക്ക് സഹകരണ ബാങ്കുകളുടെ മുഖേന വീട്ടിലെത്തിയാണ് പെൻഷൻ കൈമാറുന്നത്.അതേസമയം, ദേശീയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 8.46 ലക്ഷം പേരുടെ കേന്ദ്ര വിഹിതം നൽകാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെങ്കിലും, ഇതിനാവശ്യമായ 24.21 കോടി രൂപയും സംസ്ഥാന സർക്കാർ മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി.
ടെക്നിക്കല്‍ എജ്യുക്കേഷൻ ഡിപ്പാര്‍ട്ട്മെന്റില്‍ 23 ഒഴിവുകൾ – ശമ്പളം ₹26,500 മുതൽ ₹60,700 വരെ
കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സ്ഥിര ജോലി നേടാൻ മികച്ച അവസരം പ്രഖ്യാപിച്ചു. ട്രേഡ്സ്മാൻ – സ്മിത്തി (ഫോർജിങ് ആന്റ് ഹീറ്റ് ട്രീറ്റിങ്) തസ്തികയിൽ കേരളം മുഴുവൻ 23 ഒഴിവുകൾ ലഭ്യമാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് Kerala PSC ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രതിമാസം ₹26,500 മുതൽ ₹60,700 വരെ ശമ്പളം ലഭിക്കും. അപേക്ഷിക്കാൻ പ്രായപരിധി 18 മുതൽ 36 വയസ്സ് (02.01.1989 – 01.01.2007) ആണ്, പട്ടികജാതി/പട്ടിക വർഗ്ഗം, മറ്റു പിന്നാക്ക വിഭാഗങ്ങൾക്കുള്ള പ്രായ ഇളവ് പ്രാബല്യത്തിൽ വരുന്നു. കാറ്റഗറി നമ്പർ: 277/2025. അപേക്ഷാ അവസാന തീയതി ഒക്ടോബർ 03, 2025 ആണ്.