
വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യയ്ക്ക് പിന്നാലെ വലിയ വിവാദമായി മാറിയ ബാങ്ക് ബാധ്യത കോൺഗ്രസ് ഒടുവിൽ തീർത്തു. കുടുംബവുമായി നടത്തിയ കരാർ പ്രകാരം 58 ലക്ഷം രൂപയാണ് പാർട്ടി അർബൻ ബാങ്കിൽ അടച്ചത്. ഇതിനുമുമ്പ് തന്നെ 30 ലക്ഷം രൂപയും, സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 10 ലക്ഷം രൂപയും പാർട്ടി വഹിച്ചിരുന്നു.എൻ എം വിജയന്റെ മരുമകൾ പത്മജ, “വാഗ്ദാനം പാലിക്കാത്ത പക്ഷം സത്യഗ്രഹം ഇരിക്കുമെന്ന്” പ്രഖ്യാപിച്ചതോടെ വിഷയം കൂടുതൽ വഷളായിരുന്നു.
വീടും സ്ഥലവും ബാങ്കിന് കൈമാറാമെന്ന കരാർ പാലിക്കാത്തതിനെതിരെയും അവർ ശക്തമായ പ്രതികരണം നടത്തിയിരുന്നു.എൻ എം വിജയന്റെ ആത്മഹത്യ കുറിപ്പിൽ കോൺഗ്രസ് നേതാക്കളെ പരാമർശിച്ചതും തുടർന്ന് മരുമകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതും പാർട്ടിയെ വലിയ സമ്മർദ്ദത്തിലാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് കെപിസിസിക്ക് എഐസിസിയുടെ സാമ്പത്തിക സഹായത്തോടെ ബാങ്ക് ബാധ്യത തീർക്കാൻ സാധിച്ചത്.എന്നാൽ, “പാർട്ടി ഔദ്യോഗികമായി വിവരമൊന്നും നൽകിയിട്ടില്ല. മാധ്യമങ്ങളിലൂടെ മാത്രമാണ് അറിയുന്നത്” എന്നാണ് പത്മജയുടെ പ്രതികരണം.സാമ്പത്തിക പ്രതിസന്ധിയാണ് വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്യാൻ ഇടയായത്. പാർട്ടിക്കായി സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് പണം വാങ്ങിയെന്നും എന്നാൽ നിയമനം നടക്കാതെ വന്നപ്പോൾ മുഴുവൻ ബാധ്യതയും തന്റെ തലയിൽ വന്നുവെന്നും വിജയൻ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.ഈ കേസിൽ കോൺഗ്രസ് നേതാക്കളായ ഐ.സി. ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ, മുൻ ട്രഷറർ കെ.കെ. ഗോപിനാഥ് എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഹാവൂ ആശ്വാസം!; ഇന്ന് സ്വര്‍ണ വില ഇടിഞ്ഞു
തുടർച്ചയായ വിലക്കയറ്റത്തിന് ശേഷം സ്വർണവിലയിൽ ഇന്ന് അപ്രതീക്ഷിതമായി ഇടിവുണ്ടായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലുടനീളം രാവിലെയും വൈകുന്നേരവും വില ഉയർന്നിരുന്നെങ്കിലും ഇന്ന് പവന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് 84,600 രൂപയും ഗ്രാമിന് 10,575 രൂപയുമായി.ഇന്നലെ 84,840 രൂപയിലെത്തി സ്വർണം എക്കാലത്തേയും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. രാവിലെ 83,840 രൂപയായിരുന്ന വില വൈകുന്നേരത്തോടെ ആയിരം രൂപ കൂടി ഉയർന്നതായിരുന്നു. സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ 77,640 രൂപയായിരുന്ന പവന്‍റെ വില സെപ്റ്റംബർ 9-ന് 80,880 രൂപയായി ഉയർന്നിരുന്നു.ഒരു പവന്‍ ആഭരണം വാങ്ങുമ്പോൾ പണിക്കൂലി ഉൾപ്പെടെയുള്ള ചെലവുകൾ ചേർത്ത് 90,000 രൂപയ്ക്കുമുകളിലാണ് ഇപ്പോൾ ജ്വല്ലറികളിൽ നൽകേണ്ടി വരുന്നത്. വിവാഹപ്പാർട്ടികൾക്കും ആഭരണം വാങ്ങാനുദ്ദേശിക്കുന്ന കുടുംബങ്ങൾക്കും ഇത് വലിയ ബാധ്യതയായി മാറും.രാജ്യാന്തര വിപണിയിലെ വിലക്കയറ്റവും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വർണവില കുതിച്ചുയരാനുള്ള പ്രധാന കാരണം. ഇന്നലെ രൂപ ഡോളറിനെതിരെ 88.76 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു.