കേണിച്ചിറ പൂതാടിയിൽ വാഴക്കൊമ്പൻ പനമരം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചക്കക്കൊമ്പൻ; പൊറുതിമുട്ടി കർഷകരും വഴിയാത്രക്കാരും. കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടരുന്ന രൂക്ഷമായ കാട്ടാനശല്യത്തിനു പരിഹാരം കാണാൻ അധികൃതർ തയാറാകാത്തതിനാൽ രാത്രി 6നും രാവിലെ 7നും ഇടയിൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ജനങ്ങൾക്ക്. പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്ന് കൂട്ടമായി ഇറങ്ങുന്ന ആനകൾ ഒരു സമയം തന്നെ പലയിടങ്ങളിൽ എത്തുന്നതു ഭീതിയുണർത്തുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കൂടാതെ വനത്തിൽ നിന്നിറങ്ങുമ്പോഴും തിരിച്ചു പോകുമ്പോഴും ഗ്രാമീണ മേഖലയിലെ പ്രധാന റോഡുകളിൽ കൂടിയാണ് സഞ്ചാരമെന്നതിനാൽ പുലർച്ചെ റബർ ടാപ്പിങ്ങിനും മറ്റു തൊഴിലുകൾക്കും പള്ളിയിലും പോകുന്നവർ കാട്ടാനയ്ക്കു മുൻപിൽ പെടുന്നത് പതിവാകുന്നു. പലരും ഭാഗ്യം കൊണ്ടാണു രക്ഷപ്പെടുന്നത്. കൃഷിയിടങ്ങളിൽ നിന്നിറങ്ങുന്ന കാട്ടാന വഴിയിൽ വെളിച്ചമുണ്ടെങ്കിലും കൂസലില്ലാതെയാണ് വനത്തിലേക്ക് മടങ്ങുന്നത്. വാഴയും ചക്കയും നശിപ്പിക്കുന്നതല്ലാതെ പലപ്പോഴും പൂർണമായും ഭക്ഷിക്കാറില്ല.കൃഷിയിടത്തിൽ നിന്ന് പറിക്കുന്ന ചക്കകൾ റോഡിൽ എത്തിച്ച് ചവിട്ടി പൊട്ടിച്ച് ഭക്ഷിക്കാതെ മടങ്ങുന്ന സ്‌ഥിതിയുമുണ്ട്. ചക്കയ്ക്കും വാഴയ്ക്കും പുറമേ ചെറിയ റബർ മരങ്ങൾ വട്ടം ഒടിച്ചു നശിപ്പിക്കുന്ന കാട്ടാനകളും അടുത്തിടെ എത്തിയ സംഘത്തിലുണ്ട്. പാതിരി സൗത്ത് സെക്ഷനിൽ ദാസനക്കര മുതൽ ക്രാഷ് ഗാർഡ് വേലിയുടെ നിർമാണം ആരംഭിച്ചെങ്കിലും ഒച്ചിഴയുംവിധമാണു പണിയെന്ന പരാതിയുണ്ട്. ഇതിനിടെ തിരഞ്ഞെടുപ്പു മുന്നിൽകണ്ടാണു പണി പുനരാരംഭിച്ചതെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പണി നിലയ്ക്കുമെന്ന ആശങ്കയും ജനങ്ങൾക്കിടയിൽ ഉണ്ട്.