ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പ്രതികരണം; എൻഡിഎക്ക് അനുകൂലമാകും വിധിയെഴുത്ത് എന്നാണ് ആദ്യഘട്ട വോട്ടെടുപ്പ് നൽകുന്ന സൂചന; നരേന്ദ്ര മോദി

ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പ്രതികരണം ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.എല്ലാ വോട്ടർമാർക്കും നരേന്ദ്രമോദി എക്‌സിലൂടെ നന്ദി അറിയിച്ചു. എൻഡിഎക്ക് അനുകൂലമാകും വിധിയെഴുത്ത് എന്നാണ് ആദ്യഘട്ട വോട്ടെടുപ്പ് നൽകുന്ന സൂചനയെന്നും മോദി പ്രതികരിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ പോളിംഗ് 60 ശതമാനം കടന്നു. ഹിന്ദിഹൃദയ ഭൂമിയിലും പശ്ചിമ ബംഗാളടക്കമുള്ള സംസ്ഥാനങ്ങളിലും പോളിഗ് ശതമാനം 60 കടന്നു. തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനത്തെ തുടർന്ന് മണിപ്പൂരിലെ കുക്കി വോട്ടർമാർ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. മോദിയുടെ ഗ്യാരണ്ടി മണ്ഡലങ്ങളിൽ ചർച്ചയാകുമ്ബോൾ താഴേ തട്ടിലേക്ക് വികസന പദ്ധതികൾ എത്തിയില്ലെന്ന പരാതിയും വോട്ടർമാർ ഉന്നയിക്കുന്നു.ആകെ 102 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 1656 സ്ഥാനാർത്ഥികളായിരുന്നു മത്സര രംഗത്ത്. ഒന്നാം ഘട്ടത്തിൽ നഗര കേന്ദ്രീകൃത മണ്ഡലങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വോട്ടർമാരുടെ നല്ല പ്രതികരണം കണ്ടു. ഉത്തർപ്രദേശ്, രാജസ്ഥാൻ, അരുണാചൽ പ്രദേശ്, മണിപ്പൂരടക്കമുള്ള മണ്ഡലങ്ങളിൽ ഉച്ചയോടെ തന്നെ പോളിംഗ് ശതമാനം 50 കടന്നിരുന്നു. പരിശോധന നടപടികൾ വൈകിപ്പിച്ച് വോട്ടിംഗ് മന്ദഗതിയിലാക്കുന്നുവെന്ന ആക്ഷേപം യുപിയിൽ സമാജ് വാദി പാർട്ടി ഉന്നയിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചു. സുരക്ഷ വിലയിരുത്തലിനെ തുടർന്ന് മണിപ്പൂരിലെ വോട്ടിംഗ് നാല് മണിയോടെ അവസാനിപ്പിച്ചു.

വോട്ട് ചെയ്യരുതെന്ന ആഹ്വാനം കുക്കി മേഖലകളിൽ കഴിഞ്ഞ ദിവസം നേതൃത്വം നൽകിയിരുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികൾ ചർച്ചയായ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ഭരണമാറ്റം വേണമെന്ന് അഭിപ്രായം പ്രകടിപ്പിച്ച വോട്ടർമാരും നിരവധിയായിരുന്നു.കഴിഞ്ഞ തവണ ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ 51 സീറ്റുകൾ നേടിയ എൻഡിഎക്കായിരുന്നു മേൽക്കൈ.

48 സീറ്റ് നേടി പ്രതിപക്ഷം പിന്നിലുണ്ടായിരുന്നു. എന്നാൽ രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ ഇക്കുറി മാറിയ സാഹചര്യം മുൻകണക്കുകളെ മറികടക്കുമെന്ന പ്രതീക്ഷ ഇന്ത്യ സഖ്യത്തിനുണ്ട്. ആദ്യഘട്ടത്തിൽ ഈ സംസ്ഥാനങ്ങളിലെ 8 സീറ്റുകളിലെങ്കിലും ഫലം മാറിയേക്കാമെന്ന വിലയിരുത്തലുകളുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top