സ്കൂൾതലത്തിൽ ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡത്തിൽ സംസ്ഥാന സർക്കാർ മാറ്റം വരുത്തി. സംസ്ഥാനത്ത് അക്കാദമിക രംഗത്ത് മികവ് പുലർത്തുന്നവരെ പിന്തള്ളുന്നു എന്ന് വിലയിരുത്തിയതിനെ തുടർന്ന് ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നും ഗ്രേസ്‌മാർക്ക് മാത്രം പരിഗണിച്ചാൽ മതിയെന്നുമാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
രണ്ട് ആനുകൂല്യവും കൂടി ഒരുമിച്ച് നൽകുന്നതിലൂടെ അക്കാദമിക രംഗത്ത് മികവ് പുലർത്തുന്നവരെ ഇത് ബാധിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി എടുത്തിരിക്കുന്നത്. കലാ കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടുന്നവർക്ക് അടക്കം സ്കൂൾ തലത്തിൽ ഗ്രേസ് മാർക്ക് അനുവദിക്കുന്ന രീതി സംസ്ഥാനത്ത് നിലവിലുണ്ട്.ഹയർസെക്കൻഡറി പ്രവേശന സമയത്ത് ഇതിനോടൊപ്പം ബോണസ് മാർക്ക് കൂടി നൽകുന്നതോടെ അക്കാദമിക രംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥികൾ പിന്തള്ളപ്പെടുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സംസ്ഥാനത്തെ ഗ്രേസ് മാർക്ക് മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തിയത്. 8, 9 ക്ലാസ്സിൽ സംസ്ഥാനതല മത്സരത്തിൽ ഉയർന്ന ഗ്രേഡ് ലഭിക്കുന്നവർക്കും പത്താം ക്ലാസിൽ റവന്യൂ ജില്ലാ മത്സരത്തിൽ എ ഗ്രേഡ് ലഭിക്കുന്നവർക്കും ഗ്രേസ് മാർക്ക് ലഭിക്കുന്നുണ്ട്.
നിലവിൽ എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മാർക്ക് മാനദണ്ഡങ്ങൾ ആണ് പരിഷ്‌കരിച്ചിട്ടുള്ളത്. ഇതോടെ ഒരിക്കൽ ഗ്രേസ് മാർക്ക് നൽകുന്നതിനാൽ അടുത്ത തലത്തിലേക്കുള്ള പ്രവേശനത്തിന് ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നാണ് ഇപ്പോൾ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. കായിക മത്സരങ്ങൾക്കുള്ള ഗ്രേസ്മാർക്ക് മാനദണ്ഡത്തിലും സർക്കാർ ഇപ്പോൾ മാറ്റം വരുത്തിയിട്ടുണ്ട്.