Posted By Anuja Staff Editor Posted On

സംസ്ഥാനത്ത് 12 ഇടങ്ങളിൽ മഞ്ഞപ്പിത്ത വ്യാപനം; പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് 12 ഇടങ്ങളില്‍ മഞ്ഞപ്പിത്ത വ്യാപനമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മലിനമായ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നതാണ് രോഗവ്യാപനത്തിന് പിന്നില്‍.എല്ലാവരും ഹൈറിസ്ക് കാറ്റഗറിയിലാണെന്ന് കരുതി പ്രതിരോധമരുന്നുകള്‍ കഴിക്കണമെന്നും മന്ത്രി പറഞ്ഞു. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, പത്തനംതിട്ട, മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് വ്യാപനം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

ചികിത്സയും പ്രതിരോധവും ശക്തമായി നടക്കുന്നുണ്ടെന്നും ബോധവത്കരണ പ്രവർത്തനങ്ങള്‍ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം. സെക്കൻഡറി ഇൻഫെക്ഷൻ ഉണ്ടാകുന്നതായി കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗബാധിതരായ വ്യക്തി ആറാഴ്ച വരെ വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ മറ്റൊരാള്‍ക്ക് പകരാതെ സൂക്ഷിക്കണം.പനിയുടെ എണ്ണം മുൻവർഷത്തേക്കാള്‍ കുറവാണ്. പക്ഷേ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികള്‍ വരാതിരിക്കാനുള്ള ജാഗ്രത കൈവിടരുതെന്നും മന്ത്രി പറഞ്ഞു. ശുചീകരണ പ്രവർത്തനം നടത്തിയില്ലെങ്കില്‍ രോഗവ്യാപനം കൂടുമെന്നും മന്ത്രി വ്യക്തമാക്കി. ജനുവരി മാസത്തില്‍ത്തന്നെ ആരോഗ്യജാഗ്രതാ കലണ്ടർ ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. ഇതുസംബന്ധിച്ച്‌ കൃത്യമായ നിർദേശങ്ങള്‍ ഓരോ ഘട്ടത്തിലും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. ഈ വർഷം ജൂലൈ ആകുന്നതോടെ ഡെങ്കിപ്പനി കൂടാനുള്ള സാധ്യതയുണ്ടെന്ന് നേരത്തേ പറഞ്ഞിരുന്നു. അതുസംബന്ധിച്ച മുന്നറിയിപ്പും ആരോഗ്യവകുപ്പ് നല്‍കിയിരുന്നു. ഡെങ്കിപ്പനി, എലിപ്പനി ഉള്‍പ്പെടെയുള്ളവ പ്രതിരോധിക്കുന്നതില്‍ ശുചിത്വമാണ് പ്രധാനം. കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങുന്നത് എലിപ്പനിക്ക് കാരണമാകാം. ഇപ്പോള്‍ ശുചീകരണപ്രവർത്തനങ്ങള്‍ ശക്തമാക്കിയില്ലെങ്കില്‍ രോഗവ്യാപനം കൂടുമെന്നും മന്ത്രി പറഞ്ഞു.ജാഗ്രത പുലർത്തണംമലിനമായ സ്രോതസ്സുകളില്‍നിന്നുള്ള വെള്ളം കുടിക്കുന്നതാണ് മഞ്ഞപ്പിത്തബാധയ്ക്ക് കാരണമാകുന്നത്. മഞ്ഞപ്പിത്തവ്യാപനത്തിനെതിരേ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്..കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. ഇതിന്റെ (എ), (ഇ) വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. (ബി), (സി), (ഡി) എന്നീ വിഭാഗങ്ങള്‍ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങള്‍ എന്നിവയിലൂടെയുമാണ് പകരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാൻ കൂടുതല്‍ ദിവസമെടുക്കും. എ, ഇ വിഭാഗങ്ങള്‍ക്ക് ഇത് 15 ദിവസം മുതല്‍ 60 ദിവസം വരെ ആയേക്കാം. ബി, സി, ഡി വിഭാഗങ്ങള്‍ക്ക് 15 മുതല്‍ ആറുമാസം വരെ നീണ്ടേക്കാം.നമ്മുടെ നാട്ടില്‍ കൂടുതല്‍ കണ്ടുവരുന്നത് കുടിവെള്ളം വഴിയും ആഹാരസാധനങ്ങള്‍ വഴിയും പകരുന്ന എ, ഇ വിഭാഗം മഞ്ഞപ്പിത്തമാണ്. കുഞ്ഞുങ്ങള്‍ക്ക് ഇത് അത്ര ഗുരുതരമാവാറില്ലെങ്കിലും പ്രായപൂർത്തിയായവരില്‍ പലപ്പോഴും ഗൗരവമാകാറുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *