റാങ്ക് ലിസ്റ്റ് പ്രകാരം പി.എസ്.സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാർഥികള്‍ക്ക് ഇപ്പോള്‍ ഒഴിവില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ വിചിത്ര മറുപടി.പത്തനംതിട്ട ജില്ലയിലെ സംസ്കൃത അധ്യാപക തസ്തികയില്‍ വന്ന നാല് ഒഴിവിലേക്ക് നിയമന ഉത്തരവ് പ്രതീക്ഷിച്ചവർക്കാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നിരാകരണ മറുപടി ലഭിച്ചത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
കൊല്ലം എഴുകോണ്‍ സ്വദേശിയടക്കം സംസ്ഥാനത്തെ വിവിധ മേഖലകളില്‍നിന്നുള്ള അഭ്യസ്തവിദ്യരായ യുവതികളാണ് സർക്കാർ ജോലി കൈയെത്തുംദൂരെ നഷ്ടമാകുന്ന അവസ്ഥയിലായത്. രണ്ടാഴ്ചക്കകം നിയമനം ലഭിച്ചില്ലെങ്കില്‍ ഇവരുടെ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കും. പി.എസ്.സിയില്‍നിന്ന് കഴിഞ്ഞ ജനുവരി 27നാണ് അഡ്വൈസ് മെമ്മോ ലഭിച്ചത്. ഇവരിലൊരാള്‍ ഭിന്നശേഷിക്കാരിയുമാണ്. നിയമന ഉത്തരവ് കാത്തിരുന്നവർക്ക് മൂന്നുമാസം കഴിഞ്ഞിട്ടും ലഭിക്കാതിരുന്നതോടെ പത്തനംതിട്ട ഡി.ഡി ഓഫിസില്‍ അന്വേഷിച്ചപ്പോഴാണ് ഇപ്പോള്‍ ഒഴിവില്ലെന്നും പി.എസ്.സിക്ക് വിവരം കൈമാറാൻ വൈകിയതുകൊണ്ടാണ് അഡ്വൈസ് മെമ്മോ ലഭിച്ചതെന്നും മറുപടി ലഭിച്ചത്. തുടർന്ന് പി.എസ്.സിയെ സമീപിച്ചപ്പോള്‍ പത്തനംതിട്ട ഡി.ഡി ഓഫിസിന്‍റേത് ഭരണഘടനവിരുദ്ധ നിലപാടാണെന്ന വിശദീകരണമാണ് ലഭിച്ചത്. പത്തനംതിട്ടയില്‍ തസ്തികയില്ലെങ്കില്‍ മറ്റെവിടേക്കെങ്കിലും മാറ്റിനല്‍കണമെന്ന അഭ്യർഥനയിലും വിദ്യാഭ്യാസ വകുപ്പ് മൗനംപാലിക്കുകയാണ്. കാലതാമസം സൃഷ്ടിക്കുമെന്നതിനാലാണ് കേസിന് പോകാത്തതെന്ന് പറയുന്ന ഉദ്യോഗാർഥികള്‍ ഡി.ഡി ഓഫിസിനുമുന്നില്‍ സമരം ചെയ്യാനുള്ള തീരുമാനത്തിലാണ്. അതേസമയം, നാല് ഒഴിവുകള്‍ ഉണ്ടായിരുന്നപ്പോള്‍ അത് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തെന്നും ഒരു സ്കൂളില്‍ വിദ്യാർഥികളില്ലാതെ തസ്തിക നഷ്ടമായത് സ്കൂള്‍ അധികൃതർ അറിയിക്കാൻ വൈകിയതിനാല്‍ യഥാസമയം പി.എസ്.സിയെ ബോധ്യപ്പെടുത്താൻ കഴിയാതിരുന്നതുമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ഡി.ഡി ഓഫിസ് സൂപ്രണ്ട് രാജേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. ലിസ്റ്റില്‍ ഒരാളെ ഒഴിവാക്കി നിയമനം സാധ്യമല്ല. തല്‍ക്കാലം ഇവരെ ജോലിക്കെടുത്തശേഷം തസ്തിക ഇല്ലാതായതിന്‍റെ പേരില്‍ ഒരാളെ പിരിച്ചുവിട്ടാല്‍ അത് ദ്രോഹമാകും. വിഷയം സർക്കാറിന്‍റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.