വയനാട് വന്യജീവി സങ്കേതത്തില്‍ നിന്ന് 320 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചുവെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
വന്യജീവി സങ്കേതത്തിന് അകത്തുള്ള 14 സെറ്റില്‍മെന്റുകളിലായി 645 കുടുംബങ്ങളെയാണ് ഒന്നാം ഘട്ടത്തില്‍ സ്വയം സന്നദ്ധ പുന:രധിവാസ പദ്ധതിയില്‍ വനം വകുപ്പിൻ്റെ ഫീല്‍ഡ് വെരിഫിക്കേഷൻ പ്രകാരം കണ്ടെത്തിയത്. അതില്‍ ചെട്ട്യാലത്തൂർ സെറ്റില്‍മെന്റിലെ ഒരാളുടെ അപേക്ഷ 2018 ഏപ്രില്‍ 27 നു ചേർന്ന ജില്ലാതല നടത്തിപ്പ് സമിതി യോഗ തീരുമാന പ്രകാരം നിരാകരിച്ചു. പങ്കളം സെറ്റില്‍മെന്റിലെ ഒരു അപേക്ഷകൻ 2020 ജനുവരിയില്‍ മരണപ്പെട്ടു. അതിനാല്‍ നിലവില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആകെ കുടുംബങ്ങളുടെ എണ്ണം 643 ആയി. അതില്‍ 320 കുടുംബങ്ങള്‍ ഈ പദ്ധതി മുഖേന സെറ്റില്‍മെന്റ്റില്‍ നിന്നും വനത്തിന് പുറത്തേക്ക് മാറ്റി പാർപ്പിച്ചു. 11 സെറ്റില്‍മെന്റുകളിലെ 422 കുടുംബങ്ങള്‍ക്ക് ധനസഹായതുക അനുവദിച്ചു. ബാക്കിയുള്ള 102 കുടുംബങ്ങളില്‍ പങ്കളം സെറ്റില്‍മെന്റ്റിലെ 13 കുടുംബങ്ങള്‍ക്കും,, ചെട്ടിയാലത്തൂർ സെറ്റില്‍മെന്റിലെ 55 കുടുംബങ്ങള്‍ക്കും ഭൂമി കണ്ടെത്തണം. കുറിച്യാട് സെറ്റില്‍മെൻറിലെ 34 കുടുംബങ്ങളിലെ 21 പേർക്ക് ഭൂമി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. 13 പേരുടെ രജിസ്ട്രേഷൻ പൂർത്തിയായെങ്കിലും അവർ മാറിത്താമസിക്കാനുണ്ട്.കോളോട് സെറ്റില്‍മെൻറില്‍ 15 കുടുംബങ്ങളാണുള്ളത്. സ്വയം സന്നദ്ധ പുരനധിവാസത്തിന് ഇവരുടെ സമ്മതം അറിയിച്ച് ഗ്രാമസഭ പ്രമേയം പാസാക്കിയിട്ടില്ല. കോളോട് സെറ്റില്‍മെന്റ്റിനെ ഒഴിവാക്കി ബാക്കിയുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനു 2023 ജൂണ്‍ മാസത്തില്‍ സമർപ്പിച്ച പ്രൊപ്പോസല്‍ പ്രകാരം ഈ കുടുംബങ്ങള്‍ക്കുള്ള ധനസഹായം വിതരണം ചെയ്യുന്നതിനായി 36.90 കോടി രൂപയുടെ (60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവും) ഭരണാനുമതി നല്‍കി.അതനുസരിച്ച് 2023- 24 സാമ്ബത്തിക വർഷത്തില്‍ ഒരു ഗഡുവായി 9.22 കോടി രൂപ അനുവദിച്ചു. ഈ തുകയില്‍നിന്നും 2023-24 സാമ്ബത്തിക വർഷത്തില്‍ പങ്കളം സെറ്റില്‍മെന്റിലെ 13 കുടുംബങ്ങള്‍ക്കും, ചെട്ട്യാലത്തൂർ സെറ്റില്‍മെന്റിലെ 25 കുടുംബങ്ങള്‍ക്കും 5.70 കോടി രൂപ ധനസഹായം അനുവദിച്ചു. ബാക്കിയുള്ള 3.52 കോടി രൂപ മണിമുണ്ടയിലെ 116 അപേക്ഷകരില്‍ നിന്നും 23 കുടുംബങ്ങളുടെ പുനരധിവാസത്തിനായി നല്‍കുന്നതിന് തീരുമാനിച്ചു. കോളോട്ട് സെറ്റില്‍മെന്റിനെ ഒഴിവാക്കി മണിമുണ്ടയിലെ 23 കുടുംബങ്ങളെയും ഉള്‍പ്പെടുത്തിയും ഇനി ധനസഹായം അനുവദിക്കുന്നതിന് ബാക്കിയുള്ളത് 260 കുടുംബങ്ങളാണെന്നും മന്ത്രി രേഖാമൂലം ഐ.സി.ബാലകൃഷ്ണന് നിയമസഭയില്‍ മറുപടി നല്‍കി.