ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ യാത്രികരുടെ തിരിച്ചുവരവ് നീട്ടിവച്ച് നാസ. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍നിന്ന് (ഐഎസ്‌എസ്) ഭൂമിയിലേക്കു തിരികെ വരാനുള്ള തീയതി ജൂണ്‍ 22 ആയി പുതുക്കി.നേരത്തേ ജൂണ്‍ 18ന് തിരിച്ചുവരാനാണു ലക്ഷ്യമിട്ടിരുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു. എന്നാല്‍ സുനിത അടക്കമുള്ള യാത്രികര്‍ ബഹിരാകാശത്തുള്ള അണുക്കള്‍ (സ്‌പേസ് ബഗ്) കാരണമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശ്വാസകോശത്തെ പോലും ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഈ അണുക്കള്‍ ഉണ്ടാക്കുന്നുവത്രെ.ഈ റിപ്പോർട്ടിനു പിന്നാലെയാണു ദൗത്യം നീട്ടിവച്ചത്.
സുനിതാ വില്യംസിനും സഹയാത്രികൻ ബാരി യൂജിൻ ബുഷ് വില്‍മോറിനും ബഹിരാകാശ നിലയത്തില്‍ 4 ദിവസം കൂടുതലായി ചെലവിടേണ്ടിവരും. മടക്കയാത്ര നീട്ടിയതോടെ മൊത്തം ദൗത്യം രണ്ടാഴ്ചയിലേറെയാകും. ബഹിരാകാശ പേടകം പുറപ്പെടുന്നതിനു മുൻപു നാസ ഉദ്യോഗസ്ഥർ തെക്കുപടിഞ്ഞാറൻ യുഎസിലെ ലാൻഡിങ് സ്ഥലങ്ങളുടെ കാലാവസ്ഥാ സ്ഥിതിഗതികള്‍ വിലയിരുത്തും.ആന്റി മൈക്രോബിയല്‍ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടർ ബുഗൻഡൻസിസിനെയാണു ബഹിരാകാശ നിലയത്തില്‍ കണ്ടെത്തിയത്. ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന ഇവയെ സൂപ്പർബഗ് എന്നു വിളിക്കുന്നു. എറെക്കാലമായി നിലയത്തിലുണ്ടായിരുന്ന ഇവ, അതിനുള്ളിലെ അടഞ്ഞ അന്തരീക്ഷത്തില്‍ ജനിതകമാറ്റത്തിലൂടെ കൂടുതല്‍ ശക്തിയാർജിച്ചിട്ടുണ്ടെന്നു ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.
ഭൂമിയില്‍നിന്നു ബഹിരാകാശ സഞ്ചാരികളിലൂടെയാണ് ഇവ നിലയത്തിലെത്തുന്നത്. 24 വർഷത്തോളം ബഹിരാകാശത്തു കഴിഞ്ഞ ബാക്ടീരിയകള്‍ ഇതേ ഗണത്തില്‍പെടുന്ന, ഭൂമിയിലുള്ള ബാക്ടീരിയകളെക്കാള്‍ ഏറെ അപകടകാരികളാണ്. നിലയത്തില്‍ കഴിയുന്ന ബഹിരാകാശ യാത്രികരുടെ ശരീരത്തിലെ പ്രതിരോധ ശേഷി ഭൂമിയിലേതില്‍നിന്നു വ്യത്യസ്തമായതിനാല്‍ ഭൂമിയിലെ ചികിത്സാരീതികള്‍ എത്രത്തോളം ഫലപ്രദമാകുമെന്നും പറയാനാവില്ല. കലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷൻ ലബോറട്ടറി ശാസ്ത്രജ്ഞൻ ഡോ.കസ്തൂരി വെങ്കിടേശ്വരനാണു പഠനത്തിന് നേതൃത്വം നല്‍കിയത്.സുനിത വില്യംസും വില്‍മോറും ജൂണ്‍ ആറിനാണു പുതിയ ബോയിങ് സ്റ്റാർലൈനർ പേടകത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തിലുള്ള മറ്റ് 7 പേർ ദീർഘകാലമായി അവിടെയുള്ളവരാണ്. ബാക്ടീരിയയെ കണ്ടെത്തിയതോടെ കൂടുതല്‍ നിരീക്ഷണത്തിനു ശേഷമേ സുനിതയ്ക്കും വില്‍മോറിനും ഭൂമിയിലേക്ക് മടങ്ങിയെത്താനാവൂ. അതിനാലാണു യാത്ര വൈകുന്നതെന്നാണു സൂചന. സാങ്കേതിക തകരാറുകള്‍ കാരണം നിരവധി തവണ സ്റ്റാർലൈനറിന്റെ യാത്ര മുടങ്ങിയിരുന്നു. 10 ദിവസത്തിനുശേഷം സഞ്ചാരികള്‍ മടങ്ങിയെത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.സ്റ്റാർലൈനറിന്റെ കഴിവുകള്‍ മനസ്സിലാക്കുന്നതു തുടരുകയാണ് എന്നാണു നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് അഭിപ്രായപ്പെട്ടത്. സുനിതയും വില്‍മോറും ഇക്കാലയളവില്‍ സ്റ്റാർലൈനറിനെപ്പറ്റി കൂടുതല്‍ വിലയിരുത്തലുകള്‍ നടത്തും. പേടകത്തിലെ പിൻഭാഗത്തെ 8 ത്രസ്റ്ററുകളില്‍ ഏഴെണ്ണം പ്രവർത്തിപ്പിക്കുന്നതടക്കം ‘ഹോട്ട്-ഫയർ’ ടെസ്റ്റ് ഈ ദിവസങ്ങളിലുണ്ടാകും. സുരക്ഷിതമായി തിരിച്ചിറങ്ങുന്നതിനുള്ള സംവിധാനങ്ങളുടെ പരിശോധനയും പരീക്ഷണവും നടക്കും. ”സ്റ്റേഷനില്‍ കൂടുതല്‍ സമയം ചെലവിടാനും അമൂല്യമായ ഡേറ്റ നല്‍കുന്ന കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനും അവിശ്വസനീയമായ അവസരമാണിത്”- ബോയിങ്ങിന്റെ കൊമേഴ്‌സ്യല്‍ ക്രൂ പ്രോഗ്രാം വൈസ് പ്രസിഡന്റും പ്രോഗ്രാം മാനേജറുമായ മാർക്ക് നാപ്പി പറഞ്ഞു.മാറ്റിവയ്ക്കാനുള്ള സാധ്യതയോടെയാണു ദൗത്യം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നു നാസ വ്യക്തമാക്കി. നാസയ്ക്കും ബോയിങ്ങിനും പഠനത്തിനും നിരീക്ഷണത്തിനും ധാരാളം സമയവും അവസരവുമുള്ള ദൗത്യമാണിതെന്നു മാർക്ക് നാപ്പി പറയുന്നു. സ്റ്റാർലൈനറിന്റെ ഷെഡ്യൂള്‍ ചെയ്ത മടങ്ങിവരവ് രണ്ടാംതവണയാണു വൈകുന്നത്. ജൂണ്‍ 9ന് പ്രഖ്യാപിച്ചതനുസരിച്ച് ജൂണ്‍ 18ന് ആയിരുന്നു മടങ്ങിവരവ്. പിന്നീടാണ് ഈ തീയതി പുനഃക്രമീകരിച്ചത്. ബഹിരാകാശ നിലയത്തിലെ സഞ്ചാരികള്‍ക്ക് എക്സ്ട്രാ വെഹിക്കുലാർ ആക്റ്റിവിറ്റി (ഇവിഎ) തയാറാക്കാനും നടപ്പിലാക്കാനും അധികസമയം ആവശ്യമായതിനാലാണു യാത്ര നീട്ടിയതെന്നാണ് ഔദ്യോഗികഭാഷ്യം. ജൂണ്‍ 13-നാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും ‘സ്‌പേസ്‍സ്യൂട്ട് അസ്വസ്ഥത’ കാരണം ഇതു മാറ്റിവയ്ക്കുകയായിരുന്നു.നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം. ഇതോടെ ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തില്‍ പേടകം പറത്തുന്ന ആദ്യ വനിതയായി സുനിത. നിലവില്‍ 322 ദിവസം സുനിത ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. യുഎസ് നേവല്‍ അക്കാദമിയില്‍ പഠിച്ചിറങ്ങിയ സുനിത 1998ലാണു നാസയുടെ ബഹിരാകാശ സഞ്ചാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്; ആദ്യ യാത്ര 2006 ഡിസംബർ 9നായിരുന്നു. ബോയിങ് സ്റ്റാർലൈനർ രാജ്യാന്തര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്നു ഹീലിയം വാതകച്ചോർച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങള്‍ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നതു ദൗത്യം ദുഷ്കരമാക്കിയിരുന്നു.