സൈബര്‍ പോലീസിന്റെ ശ്രമത്തില്‍,ആറു മാസത്തിനുശേഷം 367 അപരാധങ്ങള്‍ വിജയകരമായി പരിഹരിക്കപ്പെട്ടു

കല്‍പ്പറ്റ: ജില്ലയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനൊപ്പം സൈബര്‍ ക്രൈം പോലീസിന്റെ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാവുകയാണ്. ഈ വര്‍ഷം ഇതുവരെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ലഭിച്ച 644 പരാതികളില്‍ 367 പരാതികള്‍ തീര്‍പ്പാക്കി. ഈ നേട്ടം ആറു മാസത്തിനുള്ളിലാണ് കൈവരിച്ചത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

പ്രധാനമായും സാമ്പത്തിക തട്ടിപ്പ്, സോഷ്യല്‍ മീഡിയ ഹാക്കിംഗ്, വ്യാജ അക്കൗണ്ട് നിര്‍മാണം, സോഷ്യല്‍ മീഡിയ ദുരുപയോഗം എന്നീ വിഷയങ്ങളിലാണ് കൂടുതൽ പരാതികള്‍ ലഭിച്ചത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട 29 പരാതികളില്‍ രജിസ്റ്റര്‍ ചെയ്ത 15 കേസുകളില്‍ ആറു ലക്ഷം രൂപ തിരിച്ചുപിടിച്ച് നല്‍കി. കൂടാതെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ 179,371 രൂപ തിരിച്ചു നല്‍കി.

ഒരു മാസം മുന്‍പ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായ തരുവണ സ്വദേശിക്ക് 11,14,245 രൂപ നഷ്ടപ്പെട്ടു. ടെലഗ്രാമിലൂടെ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് തുടങ്ങിയത്. ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ വൈത്തിരി സ്വദേശിയില്‍ നിന്ന് ആറര ലക്ഷം രൂപ തട്ടിയെടുത്ത കേസ് സൈബര്‍ ക്രൈം പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

സാമ്പത്തിക തട്ടിപ്പിന് പുറമെ സോഷ്യല്‍ മീഡിയ ഹാക്കിംഗ്, ഫെയ്ക്ക് ഐഡി ഉപയോഗിച്ച്‌ തട്ടിപ്പുകള്‍, സമൂഹമാധ്യമ ദുരുപയോഗം തുടങ്ങിയ പരാതികളും സൈബര്‍ ക്രൈം പോലീസിന് ലഭിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങള്‍ സുരക്ഷിതമാക്കുന്നതിനുള്ള ഫീച്ചേഴ്സ് പ്രാവര്‍ത്തികമാക്കാത്തതും, ഹാക്കായ അക്കൗണ്ടുകള്‍ പുനരുദ്ധരിക്കാന്‍ വൈകുന്നതും ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ്.

തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1930 ല്‍ വിളിച്ചോ സ്റ്റേഷനില്‍ നേരിട്ടോ പരാതി നല്‍കണമെന്ന് സൈബര്‍ ക്രൈം പോലീസ് അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരുമണിക്കൂറിനകം 1930 ല്‍ വിവരം അറിയിക്കുന്നത് ഉപകരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top