Posted By Anuja Staff Editor Posted On

അർജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്; നദിയിലുണ്ടായ സോണാർ സിഗ്നലിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് (30) തിരച്ചിൽ തുടരുന്നു. 60 അടി താഴ്ചയിൽ നിന്ന് മണ്ണ് നീക്കാനുള്ള യന്ത്രം ഷിരൂരിലെത്തി. ഗംഗവല്ലി പുഴയുടെ അടിത്തട്ടിലെ ലോഹ വസ്തുവിന്റെ സിഗ്നൽ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. സോണാർ സിഗ്നൽ ലഭിച്ച പ്രദേശം ബൂം മണ്ണുമാന്തി യന്ത്രം ഉപയോ​ഗിച്ച് പരിശോധിക്കും. മുൻ സൈനിക ഉദ്യോ​ഗസ്ഥൻ എം. ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകും. ഉന്നത സർക്കാർ ഉദ്യോ​ഗസ്ഥർ പറയുന്നത് പ്രകാരം, ഇന്ന് വൈകിട്ടോടെ തിരച്ചിലിൽ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്നലെ ഗംഗവല്ലി പുഴയിൽ സിഗ്നൽ ലഭിച്ച സ്ഥലത്ത് മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കിയെങ്കിലും കനത്ത മഴയെത്തുടർന്ന് നീരൊഴുക്ക് വർധിച്ചതോടെ പുഴയിലെ തിരച്ചിൽ നിർത്തിവെക്കേണ്ടി വന്നു. തീരത്തോട് ചേർന്ന് മണ്ണിടിഞ്ഞ് കൂടിക്കിടക്കുന്ന മൺകൂനകൾ ഒഴുക്കി കളയാനുള്ള ശ്രമങ്ങളും നടത്തിവന്നിരുന്നു.

നടപ്പിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തിൽ തൃപ്തരാണെന്ന് അർജുന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. ജൂലൈ 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിൽ വച്ച് അർജുന് അപകടത്തിൽപെട്ടു. മണ്ണിടിച്ചിലിൽ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേർ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്.

അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഗൗരവമുള്ള വിഷയമാണെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. ഇതുവരെ നടത്തിയ രക്ഷാദൗത്യത്തിന്റെ വിവരങ്ങൾ കർണ്ണാടക ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ചു. കേസിന്റെ അടുത്ത പരിഗണന ഇന്ന് നടക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *