അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് പ്രവേശിച്ചു. ഇന്നലത്തെ തിരച്ചിലിൽ ഗംഗാവലി പുഴയിൽ അർജുന്റെ ലോറി കണ്ടെത്തിയതിനെ തുടർന്ന് ഇന്ന് നിർണായക ദിവസമാകും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ലോറിയുടെ ഡ്രൈവർ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു. റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരിന്റെ നേതൃത്വത്തിലുള്ള സംഘം ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടത്തും.
ലോറിയുടെ സ്ഥാനം മനസ്സിലാക്കാൻ ഡ്രോൺ ബേസ്‌ഡ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിക്കും. രാവിലെ ഒൻപത് മണിയോടെ ഡ്രോൺ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോറിയുടെ കൃത്യസ്ഥാനം കണ്ടെത്തി ഡൈവർമാർ കാബിനിൽ എത്തിച്ചേരുന്നതാണ് പ്രധാന ലക്ഷ്യം. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്തും, പിന്നെ ട്രക്ക് പുറത്തെടുക്കും.
പുഴയുടെ കുത്തൊഴുക്കിൽ ലോറി ഉറപ്പിച്ച് ക്രെയിനിന്റെ സഹായത്തോടെ ഉയർത്തും. സൈന്യം ഉപകരണങ്ങൾ എത്തിച്ചുകഴിഞ്ഞു, മഴ മാറിനിൽക്കുന്നത് രക്ഷാപ്രവർത്തനത്തിന് സഹായകമാകുമെന്നാണ് പ്രതീക്ഷ. ഷിരൂരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരച്ചിൽ സ്ഥലത്തേക്ക് മാധ്യമപ്രവർത്തകരെ അനുവദിക്കില്ല. മൊബൈൽ ഫോണുകളും അനുവദനീയമല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വൈകുന്നേരത്തേയ്ക്ക് ഓപ്പറേഷൻ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്നലെ വൈകിട്ടോടെ ലോറി കണ്ടെത്തിയതിനു പിന്നാലെ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടർന്നു തിരച്ചിൽ അവസാനിപ്പിച്ചു. മൂന്നു ബോട്ടുകളിലായി 18 പേരാണ് ആദ്യം ലോറിയുടെ സമീപത്തേക്ക് പോയത്. കരയിൽ നിന്നും 20 മീറ്റർ അകലെയാണ് ലോറി കണ്ടെത്തിയത്.