സംസ്ഥാനത്തിനകത്തോ സമീപ പ്രദേശങ്ങളിലോ സ്ഥാപിച്ച ഭൂചലനമാപിനികളിലൊന്നും ഓഗസ്റ്റ് ഒമ്പതിന് ഭൂമികുലുക്കം രേഖപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനത്തിന്റെ ശബ്ദം കേട്ടതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പ്പാണ് വിശദീകരണം.
ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായ പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ പല തട്ടുകളിലായി വലിയ മണ്‍കൂനകള്‍ ഉണ്ടാകാറുണ്ട്. ഈ പാളികള്‍ ഇളകി നിരപ്പായ നിലയിലെത്തുന്നത് ഇത്തരം പ്രദേശങ്ങളില്‍ സ്വാഭാവികമാണ്. ഭൂമിക്കടിയിലെ മണ്‍പാളികള്‍ തമ്മിലുള്ള ഘര്‍ഷണം പ്രദേശത്ത് കുലുക്കവും ശബ്ദവും സൃഷ്ടിക്കാറുണ്ട്. വയനാട്ടില്‍ പല സ്ഥലങ്ങളിലും ഇതാകാം അനുഭവപ്പെട്ടതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
സംസ്ഥാനത്തിനകത്തും സമീപ പ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഭൂകമ്പമാപിനികളില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍.സി.എസ്), ന്യൂഡല്‍ഹിയിലെ ഭൗമശാസ്ത്ര മന്ത്രാലയം (എം.ഒ.ഇ.എസ്) എന്നിവ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്. രാജ്യത്തിനകത്തും അയല്‍ദേശങ്ങളിലും റിക്ടര്‍ സ്‌കെയിലില്‍ 3.0യും അതിനുമുകളിലും തീവ്രതയുള്ള ഭൂകമ്പങ്ങള്‍ മുഴുവന്‍ സമയം നിരീക്ഷണത്തിലാണ്.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു