ഒരു വണ്ടി നിറയെ കളിപ്പാട്ടം, അടുത്ത വണ്ടി നിറയെ നോട്ടുപുസ്തകങ്ങളും കളര്‍പെന്‍സിലുകളും…ദുരന്തഭൂമിയില്‍ നിന്നും ജീവന്റെ മറുകരയിലേക്ക് തുഴഞ്ഞ് കയറിയ കുട്ടികളോടുള്ള കരുതലായിരുന്നു ആ വണ്ടികള്‍ നിറയെ.. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ മുറിവുണങ്ങാത്ത ക്യാമ്പുകളില്‍ അതൊരു സ്‌നേഹത്തിന്റെ തലോടലായി മാറി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
പരിചയമില്ലാത്ത നാടിന്റെ ഇനിയും അറിയാത്ത കൂട്ടുകാര്‍ക്കായാണ് തൃശ്ശൂര്‍ അന്തിക്കാട് നിന്നും കുട്ടികള്‍ കളിപ്പാട്ടങ്ങളും നോട്ടുപുസ്തകങ്ങളും ശേഖരിച്ചത്. അന്തിക്കാട് കെ.ജി. എം എല്‍ .പി സ്‌കൂളിലെ കുട്ടികള്‍ ശേഖരിച്ച കളിപ്പാട്ടങ്ങളും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശേഖരിച്ച പഠനോപകരണങ്ങളുമാണ് രണ്ട് വണ്ടികളിലായി വയനാട്ടിലെത്തിയത്. കെ.ജി.എം.എല്‍ പി സ്‌കൂളിലെ 645 ഓളം കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് മൂന്നു ദിവസം കൊണ്ടാണ് ഒരു വണ്ടി നിറയെ കളിപ്പാട്ടങ്ങള്‍ സമാഹരിച്ചത്. ഒന്നര ലക്ഷം രൂപയുടെ രണ്ടായിരത്തോളം കളിപ്പാട്ടങ്ങള്‍ വണ്ടിയിലുണ്ടായിരുന്നത്. അന്തിക്കാട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് ഒരു ലക്ഷത്തോളം രൂപയുടെ പേന , പെന്‍സില്‍ തുടങ്ങിയ പഠനോപകരണങ്ങളും ശേഖരിച്ചു. കളക്‌ട്രേറ്റില്‍ റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍, വനംവന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രി എന്നിവര്‍ ചേര്‍ന്ന് അതിജീവനത്തിന്റെ ദുരന്തഭൂമിയിലേക്ക് ചുരം കയറിയെത്തിയ കളിപ്പാട്ട, പുസ്തകവണ്ടികളെ സ്വീകരിച്ചു. അന്തിക്കാട് ഹൈസ്‌കൂളിലെ പ്രധാന അധ്യാപിക ഷില്ലിയാണ് വയനാട്ടിലേക്ക് പുറപ്പെട്ട വണ്ടികള്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. പ്രധാനാധ്യാപകന്‍ ജോഷി.ഡി.കൊള്ളന്നൂര്‍, പി.ടി.എ പ്രസിഡന്റുമാരായ സജീഷ് മാധവന്‍, അഖില രാഗേഷ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ ഫാഇസ് ഫുവാദ്, ഫാബിയന്‍ ലിയോ,മുഹമ്മദ് ഹാതിം ശ്രീബാല, നിയ ഷനൂപ, സിദ്ധാര്‍ത്ഥ് ഷിവിന്‍, കെ.എം.ഹരികൃഷ്ണന്‍, ടി.പി.യദുകൃഷ്ണന്‍ അധ്യാപക പ്രതിനിധികളായ നബീല റഹ്മ, ഷിംജി, ഫിറ്റ്‌സി സെബി, എന്‍.ആര്‍.പ്രജി, പി.ടി.എ പ്രതിനിധികളായ ലിയോ, അന്തിക്കാട് സതീശന്‍, റെജീന നാസര്‍, ടി.ഡി.രേവതി, മിഥുന്‍ പേരോത്ത്,ഫിജിശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും വയനാടിന് കൈമാറിയത്. അതിജീവനത്തിൻ്റെ സ്നേഹ ഭൂമിയിൽ കാണാമറയത്ത് നിന്നുള്ള സമ്മാനങ്ങളും പുതിയ നിറം പകരും.