സംസ്ഥാനത്ത് വെള്ളിയാഴ്ചയും കനത്ത മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഈ ജില്ലകളില്‍ വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്.
തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടതും, കൊങ്കണ്‍ മുതല്‍ ചക്രവാതചുഴി വരെ 1.5 കിലോമീറ്റർ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദ പാത്തിയും കാരണം അടുത്ത ദിവസങ്ങളില്‍ വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 19 വരെ കേരള തീരങ്ങളില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിന്, ചില സാഹചര്യങ്ങളില്‍ 55 കിലോമീറ്റർ വരെ വേഗതയിലും, മോശം കാലാവസ്ഥയിലും സാധ്യതയുണ്ട്.