ഉരുള്‍പ്പൊട്ടലില്‍ വലിയ നഷ്ടങ്ങളും ഭീകരമായ അനുഭവങ്ങളും അതിജീവിച്ച് കടന്നുവന്ന കുഞ്ഞുങ്ങളെ പരിപാലിച്ച് ആശങ്കകള്‍ പരിഹരിക്കേണ്ടത് പൊതു സമൂഹത്തിന്റെയും അധ്യാപകരുടേയും
രക്ഷിതാക്കളുടേയും ചുമതലയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ദുരന്ത ബാധിത മേഖലയിലെ വെള്ളാര്‍മല വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മുണ്ടെക്കൈ ഗവ എല്‍.പി സ്‌കൂളുകളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് മൂപ്പൈനാട് സെന്റ് ജോസഫ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന മാനസികാരോഗ്യ പിന്തുണാ പരിശീലന പരിപാടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ദുരന്ത ബാധിതരുടെ മാനസിക സമ്മര്‍ദം ലഘൂകരിക്കാനും കുട്ടികളുടെ പ്രതികരണങ്ങള്‍ മനസിലാക്കുന്നതിനും ആവശ്യമായ പിന്തുണ നല്‍കുന്നതിനും അധ്യാപകരെയും രക്ഷിതാക്കളെയും ശാക്തീകരിക്കുന്നത് പ്രധാനമാണ്. പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്ന രീതിയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുമായി ചേര്‍ന്ന് വിദ്യാലയ മുന്നൊരുക്ക പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഒരു വലിയ ദുരന്തമുഖത്ത് നിന്നും പുതിയ ജീവിത സാഹചര്യങ്ങളിലേക്ക് ഒരു ജനതയുടെ ഇച്ഛാശക്തിയോടെയുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. വിവിധ വകുപ്പുകള്‍, പൊതുജനങ്ങള്‍, വിവിധ സംഘടനകള്‍ ഉള്‍പ്പെടെ സകല ജനങ്ങളും ദുരന്തമുഖത്ത് കൈകോര്‍ക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ കണക്കനുസരിച്ച് 17 കുട്ടികളെ കാണാതാവുകയും 36 കുട്ടികള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. വീട് നഷ്ടമായ കുട്ടികള്‍ 408 പേരാണ്. പുനരധിവാസത്തില്‍ ഏറ്റവും പ്രധാനമാണ് കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം. താല്‍ക്കാലിക സംവിധാനം എന്ന നിലയില്‍ സെപ്തംബര്‍ രണ്ട് മുതല്‍ വെള്ളാര്‍മല സ്‌കൂളിലെയും മുണ്ടക്കൈ സ്‌കൂളിലെയും 614 വിദ്യാര്‍ഥികള്‍ക്ക് മേപ്പാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠനപ്രവര്‍ത്തനം ആരംഭിക്കുകയാണ്. അസാധാരണ ദുരന്തത്തില്‍ പെട്ടുപോയ സകലരെയും ഓര്‍ക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA