അച്ചടക്കമുള്ള ക്ലാസ്സ് മുറിയിലെ കടുകട്ടിയേറിയ പാഠഭാഗങ്ങളല്ല. അതിനേക്കാള്‍ ഗൗരവമേറിയ ഒരു പഠനമുറിയായിരുന്നു കുട്ടികള്‍ ആദ്യം മനസ്സില്‍ സങ്കല്‍പ്പിച്ചത്. എന്നാല്‍ ഏറ്റവും ലളിതമായി വലിയൊരു ജീവിതപാഠങ്ങളുടെ പുതിയ ക്ലാസ്സ് മുറിയായിമാറുകയായിരുന്നു ജില്ലാ കളക്ടറുടെ ഓഫീസ് മുറി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ആദ്യമായതിന്റെ അങ്കലാപ്പുകളെല്ലാം മാറിയപ്പോള്‍ ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാമായി കുട്ടികള്‍ക്കെല്ലാം ആവേശമായി. അതുവരെയും ഭരണനിര്‍വ്വഹണത്തിന്റെമാത്രം ചര്‍ച്ചകള്‍ നിറഞ്ഞിരുന്ന ജില്ലാ ഭരണസിരകേന്ദ്രത്തിലെ ഓഫീസിനും ഇത് പുതുമയുള്ള അനുഭവമായി മാറി. ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീയാണ് ഗുഡ് മോണിങ്ങ് കളക്ടര്‍ എന്ന പേരില്‍ കുട്ടികളുമായുള്ള സംവാദ പരിപാടിക്ക് ബുധനാഴ്ച തുടക്കം കുറിച്ചത്. ഇതാദ്യമായാണ് തുടര്‍ച്ചയായി കുട്ടികള്‍ക്കൊപ്പമുള്ള ചര്‍ച്ചയ്ക്കായി ആഴ്ചകള്‍ തോറും വയനാട് ജില്ലയില്‍ ഒരു ജില്ലാ കളക്ടര്‍ പ്രത്യേക സമയം മാറ്റിവെക്കുന്നത്. പുതിയ തലമുറകളില്‍ നിന്നും അഭിപ്രായ സമന്വയം ഉള്‍പ്പെടെ കുട്ടികളുടെ പ്രശ്‌നങ്ങളും പഠന പൊതു കാര്യങ്ങളുമെല്ലാം വേര്‍തിരിവുകളില്ലാതെ ജില്ലാ കളക്ടറോട് കുട്ടികള്‍ക്ക് കൂളായി സംസാരിക്കാം. കരിയര്‍ ഡെവലപ്പ് മെന്റ് ഉള്‍പ്പടെ കുട്ടികള്‍ക്കും ഈ അവസരങ്ങള്‍ വലിയ മുതല്‍ക്കൂട്ടാകും. കളക്ടറും കുട്ടികളും തമ്മിലുള്ള പ്രത്യേക സംവാദം ഗുഡ്‌മോണിങ്ങ് കളക്ടര്‍ പ്രഥമ പരിപാടിയില്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ സ്‌കൂളിലെ കുട്ടികളായിരുന്നു അതിഥികള്‍. അപൂര്‍വ്വമായൊരു അവസരത്തിന്റെ നിറവായിരുന്നു കുട്ടികളെല്ലാം. സാമൂഹികം സാംസ്‌കാരികം വിദ്യാഭ്യാസം എന്നിങ്ങനെ തുടങ്ങി വിവിധ മേഖലകളെക്കുറിച്ചായിരുന്നു കുട്ടികളുടെ ആകാംക്ഷകള്‍. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറഞ്ഞും തിരികെ ചോദ്യങ്ങള്‍ ചോദിച്ചും ജില്ലാ കളക്ടര്‍ കുട്ടികള്‍ക്കൊപ്പം സമയം ചെലവിട്ടു. ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജില്ലാ കളക്ടറുടെ ദൗത്യ നിര്‍വ്വഹണത്തിന്റെയും അനുഭവങ്ങള്‍ കുട്ടികള്‍ ചോദിച്ചറിഞ്ഞു. കാലത്ത് 9.30 മുതല്‍ 10 വരെ നീണ്ടുനിന്ന ഗുഡ്‌മോണിങ്ങ് കളക്ടര്‍ പരിപാടിയില്‍ 15 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തില്‍ തുറന്ന സംവാദങ്ങളുടെയും പ്രാധാന്യമാണ് ഗുഡ്‌മോണിങ്ങ് കളക്ടര്‍ അടയാളപ്പെടുത്തുന്നത്. ജില്ലയിലെ ഹൈസ്‌കൂള്‍ മുതല്‍ മുകളിലെ ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്കാണ് ഗുഡ് മോണിങ്ങ് കളക്ടര്‍ സംവാദത്തില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. എല്ലാ ബുധനാഴ്ചയും രാവിലെ 9.30 മുതല്‍ 10 വരെ ജില്ലാ കളക്ടറുടെ ചേംബറിലാണ് സംവാദം അരങ്ങേറുക. പരമാവധി 15 കുട്ടികള്‍ക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും പങ്കെടുക്കാം. ഇതിനായി ഗൂഗിള്‍ ഫോം ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ ഗൂഗിള്‍ ഫോം ലിങ്ക് ലഭ്യമാകും.