കേരളത്തിനായി 72 കോടി രൂപയുടെ ദുരന്ത ലഘൂകരണ ധനസഹായം കേന്ദ്രം പ്രഖ്യാപിച്ചു. കർണാടകക്കും കേരളത്തിനും 72 കോടി വീതം അനുവദിച്ചതായാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതോടൊപ്പം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങൾക്ക് 50 കോടി രൂപ വീതവും വിതരണം ചെയ്തു. അമിത്ഷാ അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ഈ ധനവിനിയോഗം സംബന്ധിച്ച തീരുമാനം എടുത്തത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവയ്ക്ക് 139 കോടി രൂപ വീതവും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി 378 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിൽ മണ്ണിടിച്ചിലുകൾക്കുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികൾക്കാണ് തുക വിനിയോഗിക്കുന്നത്.
കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങൾക്കായി ഈ വർഷം 21476 കോടി രൂപ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചതായും ഇവയിൽ 115.67 കോടി രൂപ എല്ലാ സംസ്ഥാനങ്ങൾക്കും ദുരന്ത പ്രതിരോധ പരിശീലനത്തിനായി മാറ്റിവെച്ചതായും കേന്ദ്ര വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നിവയ്ക്കായി പ്രത്യേക ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തൊൻപത് നഗരങ്ങളിൽ പ്രളയ ബാധിത മേഖലയായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നേരത്തെ 3075.65 കോടി രൂപ അനുവദിച്ചതായി കേന്ദ്രം അറിയിച്ചു.