വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സമ്പൂര്‍ണ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

വയനാട് വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സമ്പൂര്‍ണ ഇടുപ്പ് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. പൊഴുതന സ്വദേശിനിയായ 71 വയസുകാരിയ്ക്കാണ് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചിലവ് വരുന്ന ശസ്ത്രക്രിയ സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷ പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ണമായും സൗജന്യമായാണ് പൂര്‍ത്തീകരിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനസജ്ജമാക്കിയ കെട്ടിട സമുച്ചയത്തിലെ ഓപ്പറേഷന്‍ തീയറ്ററിലാണ് ശസ്ത്രക്രിയ നടത്തിയത് എന്ന പ്രത്യേകതയുമുണ്ട്. രണ്ട് മാസം കൊണ്ട് 22 മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളാണ് ഇവിടെ നടത്തിയത്.

വിജയകരമായ ശസ്ത്രക്രിയ നടത്തിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. രോഗിയുമായി മന്ത്രി സംസാരിച്ചു. ടി. സിദ്ദിഖ് എംഎല്‍എയുടെ ഫോണിലൂടെ വീഡിയോ കോള്‍ മുഖേനയാണ് മന്ത്രി ആശുപത്രിയിലെ രോഗിയുമായി സംസാരിച്ചത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഇടുപ്പുവേദനയെ തുടര്‍ന്നാണ് വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ 71 കാരിയായ തങ്കം ചികിത്സ തേടിയത്. ഇടുപ്പ് വേദന കാരണം നടക്കുവാനോ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുവാനോ സാധിക്കാത്ത അവസ്ഥയിലാണ് അവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ ഇടുപ്പ് സന്ധി പൂര്‍ണമായും തേയ്മാനം ബാധിച്ച് നശിച്ചതായി കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് സങ്കീര്‍ണമായ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു.

വയനാട് ജില്ലയിലെ രണ്ടാമത്തെ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ സിക്കിള്‍ സെല്‍ രോഗിക്ക് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ജില്ലയിലെ താലൂക്ക് ആശുപത്രിയിലെ ആദ്യത്തെ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിത്.

ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിലെ ഡോക്ടര്‍മാരായ ഡോ. രാജഗോപാലന്‍, ഡോ. നിഖില്‍ നാരായണന്‍, അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ. സക്കീര്‍ ഹുസൈന്‍, ഡോ. സ്വാതി സുതന്‍ എന്നിവര്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി. ഡോ. ജെയിന്‍, ഹെഡ് നഴ്സ് റെജി മോള്‍, നഴ്സിംഗ് ഓഫീസര്‍മാരായ മിനു ദേവസ്യ, അശ്വതി ചന്ദ്രന്‍, അനസ്‌തേഷ്യ ടെക്നീഷ്യന്‍ അഭിജിത്ത്, നഴ്സിംഗ് അസിസ്റ്റന്റ്മാരായ റസിയ, ഷിജി എന്നിവരടങ്ങുന്ന സംഘമാണ് ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top