വയനാടിനെ കലാലഹരിയിലാക്കിയ സര്‍ഗോത്സവത്തിന് തിരശ്ശീല വീണു

വയനാടിനെ മൂന്ന് നാളുകളിലായി കലാ ലഹരിയിലാക്കി സര്‍ഗോത്സവം സംസ്ഥാനതല മത്സരങ്ങള്‍ക്ക് തിരശ്ശീല വീണു. മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 27 ന് ആരംഭിച്ച കലാമത്സരങ്ങളാണ് ഇന്നലെ സമാപിച്ചത്. ഗദ്ദിക, തുടി, കനലി, പഞ്ചിത്താള്, പനച്ചകം തുടങ്ങി അഞ്ച് വേദികളിലായി കഴിഞ്ഞ മൂന്ന് ദിനരാത്രങ്ങളിലായാണ് സര്‍ഗോത്സവം അരങ്ങേറിയത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അരങ്ങുണര്‍ന്ന സര്‍ഗോത്സവ വേദികളിലെ കലാ പ്രകടനങ്ങള്‍ മികച്ച ആവേശവും ഉണര്‍വ്വുമാണ് നല്‍കിയത്. അന്യമാവുന്ന ഗോത്ര കലാരൂപങ്ങള്‍ വേദികളില്‍ നിറഞ്ഞാടിയപ്പോള്‍ മികച്ച ആസ്വാദകരും പൊതുജന പങ്കാളിത്തവുമുണ്ടായി. പരമ്പരാഗത നൃത്ത രൂപങ്ങള്‍, പരമ്പരാഗത ഗാന മത്സരങ്ങള്‍ വേദികളിലരങ്ങ് തകര്‍ത്തപ്പോള്‍ കാണികളില്‍ പലര്‍ക്കും മണ്‍മറഞ്ഞ സംസ്‌കൃതിയുടെ പുനരാവിഷ്‌കാരമായി അനുഭവപ്പെട്ടു. അന്യമാവുന്ന കലാരൂപങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യമായി. സീനിയര്‍ വിദ്യാര്‍ഥികളുടെ നാടോടി നൃത്തങ്ങളും തനത് കലാരൂപങ്ങളുടെ തനിമ ചോര്‍ന്നു പോകാതെയുള്ള ആവിഷ്‌കാരത്തില്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടുനിന്നു. കലാവതരണ സാഹചര്യങ്ങള്‍ക്ക് അനുകൂലമായി സംഘനൃത്ത ശൈലിയും അവതരണവും ചിട്ടപ്പെടുത്തിയതില്‍ പരിശീലകര്‍ മികവുപുലര്‍ത്തി. അതിദ്രുത താളമേളങ്ങളോടെയുള്ള പാട്ടുകളും നൃത്ത രൂപങ്ങളും വീക്ഷിക്കാന്‍ നിറഞ്ഞ സദസാണ് മാനന്തവാടി സ്‌കൂളില്‍ എത്തിയത്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായുള്ള ലളിതഗാനം, ഉപന്യാസം, മലയാളം പ്രസംഗം, കഥാരചന, മിമിക്രി, മോണോ ആക്ട് എന്നിവയും മികച്ച നിലവാരം പുലര്‍ത്തി. കാലിക പ്രസക്തിയുള്ള വിഷയാവതരണവുമായി എത്തിയ നാടകങ്ങളും മികവുറ്റതായിരുന്നു. സര്‍ഗോത്സവ നഗരിയിലെ കലാ മത്സരങ്ങള്‍ക്ക് പൊതുജന പങ്കാളിത്തവും ലഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top