വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന ആധുനിക മോര്‍ച്ചറിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് പട്ടികജാതി -പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. മന്ത്രിയുടെ അധ്യക്ഷതയില്‍ ആശുപത്രിയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയായ ആശുപത്രിയുടെ മുന്‍ഭാഗത്തെ പാര്‍ക്കിങ് ഏരിയ പൊതുജനങ്ങള്‍ക്ക് പേ പാര്‍ക്കിങ് സംവിധാനത്തോടെ തുറന്നു നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. പുതുതായി പണി കഴിപ്പിച്ച മള്‍ട്ടിപര്‍പ്പസ് കെട്ടിടത്തിനാവശ്യമായ പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് നിര്‍ദേശം നല്‍കി. ആശുപത്രിയിലെത്തുന്ന രോഗികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കിടയില്‍ ജീവനക്കാരുടെ ഭാഗത്തു നിന്നും രോഗീ സൗഹൃദ ഇടപെടലുകള്‍ ഉറപ്പാക്കാന്‍ സൂപ്രണ്ടിനെ യോഗം ചുമതലപ്പെടുത്തി ആശുപത്രിയിലേക്കും ആശുപത്രിക്കകത്തുമുള്ള റോഡുകളുടെ നവീകരണ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. ആശുപത്രിയിലെ ഉപകരണങ്ങള്‍ക്കുണ്ടാവുന്ന കേടുപാടുകള്‍ അതിവേഗം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. 2025-26 അക്കാദമിക് വര്‍ഷത്തില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് 50 സീറ്റോളം ഉള്‍പ്പെടുത്തി അക്കാദമിക് ആരംഭിക്കാനുള്ള നടപടികളും യോഗം വിലയിരുത്തി. ഒ.പി ടിക്കറ്റ് നിരക്ക് രണ്ട് രൂപയില്‍ നിന്നും അഞ്ച് രൂപയായും അഡ്മിഷന്‍ നിരക്കുകള്‍ 20 രൂപയില്‍ നിന്നും 30 രൂപയായും നിജപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. രോഗികള്‍ – കൂട്ടിരിപ്പുകാര്‍ – ജീവനക്കാര്‍ എന്നിവരുടെ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കി ചുറ്റുമതില്‍ നിര്‍മ്മിക്കാനും, സിസിടിവി, പബ്ലിക് അഡ്രസ്സിങ് സിസ്റ്റം, ഇന്റര്‍കോം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ആശുപത്രി സ്‌കില്‍ ലാബില്‍ നടന്ന യേഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഡി.എം.ഒ ഡോ. പി. ദിനീഷ്, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് വി.പി രാജേഷ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മീന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍പങ്കെടുത്തു.