നെയ്യാറ്റിന്‍കര : ഗോപന് സ്വാമിയുടെ കല്ലറ തുറന്നപ്പോള്‍ കണ്ടെത്തിയത് അപ്രതീക്ഷിതമായ വിവരങ്ങള്‍ ഗോപന് സ്വാമിയുടെ കല്ലറ ഇന്ന് രാവിലെ സബ് കലക്ടറുടെ നേതൃത്വത്തില്‍ തുറന്നപ്പോള്‍ ഇരിക്കുന്ന നിലയിലുള്ള മൃതദേഹം കണ്ടെത്തിയതായി സൂചന. ഫോറന്‍സിക് വിദഗ്ധരും പോലീസും ഉള്‍പ്പെട്ട സംഘം സ്ഥലത്തെത്തിയാണ് പരിശോധനകള്‍ നടത്തിയത്. പ്രാഥമിക പരിശോധനകള്‍ അനുസരിച്ച് കല്ലറയ്ക്കുള്ളില്‍ ഭസ്മവും സുഗന്ധദ്രവ്യങ്ങളും ഉള്‍പ്പെടെയുള്ള പൂജാ സാധനങ്ങള്‍ കണ്ടെത്തി. നെഞ്ചുവരെയുള്ള ഭാഗം പൂജാ സാധനങ്ങള്‍ നിറച്ച നിലയിലായിരുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കൂടുതല്‍ പ്രതിഷേധം ഒഴിവാക്കുന്നതിനായി പ്രദേശത്ത് ശക്തമായ പോലീസ് സന്നാഹം ഒരുക്കിയിരുന്നു. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷ ഒരുക്കുകയും സ്ഥലത്തെ നീല ടാര്‍പാളിന്‍ കൊണ്ട് മറയ്ക്കുകയും ചെയ്തു. കല്ലറ തുറന്നതിന് പിന്നാലെ മൃതദേഹം ഉടന്‍ പുറത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും കല്ലറ തുറക്കാനുള്ള ശ്രമം ഉണ്ടായിരുന്നെങ്കിലും കുടുംബത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് നീക്കം മുടങ്ങുകയായിരുന്നു. ഇതിനിടെ ജില്ലാ ഭരണകൂടം കല്ലറ പൊളിക്കാനുള്ള നോട്ടീസ് നല്‍കിയിരുന്നെങ്കിലും അത് കുടുംബത്തിന്റെ താത്പര്യത്തിന് വിരുദ്ധമായി കാണപ്പെട്ടു.
നാട്ടുകാര്‍ നല്കിയ പരാതിയില്‍ ഗോപന് സ്വാമി കാണാതായ കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, കുടുംബാംഗങ്ങള്‍ ഗോപന് സ്വാമി സമാധിയായെന്നും സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയെന്നും വ്യക്തമാക്കുന്നു. ഗോപന് സ്വാമി അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്നെന്നും അതിന് ശേഷമാണ് ഇവിടം സംസ്കരിച്ചതെന്നുമാണ് അടുത്ത ബന്ധുവിന്റെ മൊഴി.
സമാധി തുറക്കലുമായി ബന്ധപ്പെട്ട അന്വേഷണവും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഇപ്പോഴും ശക്തമാണ്.