പൊതുവിതരണ സമ്പ്രദായത്തിലെ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനുപകരം സബ്സിഡി തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) രീതി നടപ്പാക്കാനുള്ള സാധ്യത സർക്കാർ പരിഗണിക്കുന്നു. മാർച്ചോടെ പദ്ധതി നടപ്പിലാക്കാനാണ് പൊതുവിതരണ വകുപ്പിന്റെ ശ്രമം, ഉദ്യോഗസ്ഥതല ചർച്ചകൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കേന്ദ്ര സർക്കാരിന്റെ പൊതുവിതരണ മാർഗ്ഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ആദ്യഘട്ടത്തിൽ പിന്നാക്ക വിഭാഗങ്ങളിലെ കാർഡുടമകളെ ഉൾപ്പെടുത്തി സംസ്ഥാനത്തെ 14 താലൂക്കുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഇതോടെ, റേഷൻ കടകളിലൂടെ അരിയടക്കമുള്ള സാധനങ്ങൾ നൽകുന്നതിനുപകരം, നിശ്ചിത തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.
എന്നാൽ, ഈ പദ്ധതി സംസ്ഥാനത്തെ റേഷൻ സമ്പ്രദായത്തെ തകർക്കുമെന്ന് ചൂണ്ടിക്കാട്ടി റേഷൻ വ്യാപാരി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. മഹാരാഷ്ട്ര, അസം, ആന്ധ്രാപ്രദേശ്, ഹരിയാണ, ഝാർഖണ്ഡ് എന്നിവടങ്ങളോടൊപ്പം പോണ്ടിച്ചേരി, ചണ്ഡീഗഢ്, ദാദ്രാ നഗർ ഹവേലി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലും ഡിബിടി സമ്പ്രദായം ഇതിനകം നടപ്പാക്കിയിട്ടുണ്ട്.
പൊതുവിതരണ സമ്പ്രദായത്തിലൂടെ ഒരു കിലോ അരി ഗുണഭോക്താവിലേക്ക് എത്തിക്കാൻ 99.70 രൂപ ചെലവാകുന്നുണ്ടെന്ന കണക്ക് മുന്നോട്ടുവച്ചാണ് സർക്കാർ ഡിബിടി നടപ്പാക്കാൻ ആലോചിക്കുന്നത്. നേരത്തെ പാചകവാതക വിതരണത്തിലും ഈ രീതി ആവിഷ്കരിച്ചിരുന്നു. പുതിയ സംവിധാനം നടപ്പാക്കുമ്പോൾ റേഷൻകടകളുടെ ഭാവി എന്താകുമെന്നതും പ്രതിസന്ധിയാകുമെന്നതും ഇപ്പോൾ ചർച്ചാവിഷയമാണ്.