ന്യൂഡൽഹി: ആഗോള സാമ്പത്തിക ശക്തികളിൽ മൂന്നാമത്തെ സ്ഥാനത്തേക്ക് ഇന്ത്യ ഉയരുകയാണ് എന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. യുവാക്കളുടെ വിദ്യാഭ്യാസം, തൊഴിൽ സാധ്യതകൾ എന്നിവയ്ക്കായി സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുവെന്നും അവർ പാർലമെന്റിന്റെ ബജറ്റ് സമ്മേളന ഉദ്ഘാടനത്തിൽ പ്രസ്താവിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
രാജ്യത്തിന്റെ പുരോഗതിയിലേക്ക് വിവിധ പദ്ധതികൾ നിർണായകമായതായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ഭവനം ലഭ്യമാക്കുകയും ഗോത്ര വിഭാഗത്തിലെ അഞ്ച് കോടി ജനങ്ങൾക്ക് സമഗ്ര വികസനപദ്ധതികൾ നടപ്പിലാക്കുകയും ചെയ്തതായി അവർ പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ 70 വയസ്സിനു മുകളിലുള്ള ആറു കോടി മുതിർന്ന പൗരന്മാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകിയത് രാജ്യത്തിൻ്റെ സാമൂഹിക സുരക്ഷ മെച്ചപ്പെടുത്തുന്നതിന് സഹായകമായെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
“ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്” എന്ന ആശയം ഉൾപ്പെടെയുള്ള ഭരണപരിഷ്കരണങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതായി രാഷ്ട്രപതി സൂചിപ്പിച്ചു. വഖഫ് ഭേദഗതി ബിൽ ഉൾപ്പെടെയുള്ള പുതിയ നിയമങ്ങൾ സാമൂഹിക നീതി ഉറപ്പാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും അവർ വിശദീകരിച്ചു.
രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നതിൽ മഹാകുംഭമേളയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും പ്രയാഗ്രാജിലെ ഈ മഹോത്സവം കോടിക്കണക്കിന് തീർത്ഥാടകരെ ആകർഷിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
പൊതുസുരക്ഷയിലും ദുരന്തനിവാരണത്തിലും സർക്കാർ കർശനമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഈയിടെയുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് രാഷ്ട്രപതി ആദരാഞ്ജലി അർപ്പിക്കുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിക്കുകയും ചെയ്തു.
വനിതാ ശാക്തീകരണത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നതായും വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചിട്ടുള്ളതിൽ രാജ്യം അഭിമാനിക്കുന്നതായും രാഷ്ട്രപതി ദ്രൗപദി മുർമു പ്രസ്താവിച്ചു. യുദ്ധവിമാന പൈലറ്റ് മുതൽ സൈനിക വിഭാഗങ്ങൾ, കോർപ്പറേറ്റ് രംഗങ്ങൾ വരെ സ്ത്രീകൾ ശക്തമായ സാന്നിധ്യമറിയിച്ചുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു.