പ്രായമായ മാതാപിതാക്കൾക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ സാമ്പത്തിക സഹായം നൽകിയാലും മക്കൾ അതിൽ നിന്ന് ഉത്തരവാദിത്വം ഒഴിവാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാതാപിതാക്കളെ പരിപാലിക്കുന്നത് ധാർമ്മികവും നിയമപരവും മതപരവുമായ കടമാണെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിധിയിൽ പറയുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
74കാരനായ പിതാവ് മക്കളിൽ നിന്ന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. ഹർജിക്കാരനായ പിതാവിന്റെ മക്കൾ വിദേശത്ത് നല്ല തൊഴിൽ നടത്തുന്നവരാണെങ്കിലും അവർക്കു സാമ്പത്തിക സഹായം നൽകാൻ തയ്യാറായില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, 2018 മുതൽ പിതാവിന്റെ സഹോദരൻ സാമ്പത്തിക സഹായം നൽകുകയാണെന്നായിരുന്നു മക്കളുടെ വാദം. ഈ വാദം കോടതി തള്ളി.
“മക്കൾക്ക് മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം മതഗ്രന്ഥങ്ങളും സാംസ്കാരിക പാരമ്പര്യങ്ങളും വ്യക്തമാക്കുന്നുണ്ട്. ഹിന്ദു ധർമ്മം, മനുസ്മൃതി, ഖുറാൻ, ബൈബിൾ, ബുദ്ധമത പാഠങ്ങൾ എന്നിവ ഈ ഉത്തരവാദിത്വം പ്രത്യേകിച്ച് ആണ്‍മക്കൾക്കുള്ളതാണെന്ന് ചൂണ്ടിക്കാട്ടുന്നു,” കോടതി നിരീക്ഷിച്ചു.
വൃദ്ധയായ മാതാപിതാക്കളെ അവഗണിക്കുന്നത് വൈകാരികമായി മാത്രമല്ല, സമൂഹത്തിന്റെ ഘടനയെയും ബാധിക്കുന്ന പ്രശ്നമാണെന്ന് കോടതി വ്യക്തമാക്കി. “ഒരു പിതാവ് മക്കളെ വളർത്തിയതുപോലെ, വൃദ്ധാവായ പിതാവിന് പരിപാലന ആവശ്യമുള്ളപ്പോൾ മക്കൾ ആ ചുമതല ഏറ്റെടുക്കേണ്ടതാണ്. ഇത് അവഗണിക്കപ്പെടാൻ പാടില്ല,” വിധിയിൽ ചൂണ്ടിക്കാട്ടി.
തുടർന്ന്, മക്കൾ ഹർജിക്കാരനായ പിതാവിന് പ്രതിമാസം 20,000 രൂപ സാമ്പത്തിക സഹായം നൽകണമെന്ന് കോടതി നിർദേശിച്ചു.