റമദാൻ വ്രതം പരിഗണിച്ച് ഹയർ സെക്കൻഡറി പരീക്ഷാ സമയത്ത് മാറ്റം ആവശ്യപ്പെട്ട് കെ.എസ്.യു.

റമദാൻ വ്രതം കണക്കിലെടുത്ത് ഹയർ സെക്കൻഡറി പരീക്ഷാ സമയം പുനഃക്രമീകരിക്കണമെന്ന ആവശ്യം കെ.എസ്.യു. ഉയർത്തി. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഫിലിപ്പ് ജോൺ വിദ്യാഭ്യാസ മന്ത്രിമാരായ വി. ശിവൻകുട്ടി, ഡോ. ആർ. ബിന്ദു, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്കു നിവേദനം നൽകി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

നിലവിൽ മാർച്ച് 3 മുതൽ 26 വരെയാണ് ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകളും, മാർച്ച് 6 മുതൽ 29 വരെയാണ് ഒന്നാം വർഷ പരീക്ഷകളും നിശ്ചയിച്ചിരിക്കുന്നത്. എല്ലാ പരീക്ഷകളും ഉച്ചയ്ക്ക് ശേഷമായിരിക്കും നടത്തുക. മാർച്ച് ആദ്യ വാരം റമദാൻ വ്രതം ആരംഭിക്കുമെന്ന് കണക്കാക്കുമ്പോൾ, ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കൂർ നീളുന്ന പരീക്ഷകൾ വ്രതം അനുഷ്ടിക്കുന്ന വിദ്യാർത്ഥികൾക്ക് കടുത്ത പ്രയാസമുണ്ടാക്കുമെന്നതും കെ.എസ്.യു. ചൂണ്ടിക്കാട്ടുന്നു.

ഇത്തവണ പരീക്ഷ 17 ദിവസമാണ് നീളുക, അതിൽ മൂന്നു ശനിയാഴ്ചകളിലും പരീക്ഷയുണ്ട്. ഇതുമാത്രമല്ല, തിങ്കളിൽ ആരംഭിച്ച് ശനിയാഴ്ച വരെ തുടർച്ചയായ ആറ് ദിവസം പരീക്ഷ എഴുതേണ്ട സാഹചര്യം വിദ്യാർത്ഥികളുടെ ശാരീരിക-മാനസിക സമ്മർദ്ദം വർധിപ്പിക്കുമെന്നും കെ.എസ്.യു. നിവേദനത്തിൽ വ്യക്തമാക്കി. അതിനാൽ പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ച് ഉച്ചയ്ക്ക് മുമ്പ് പരീക്ഷകൾ നടത്താൻ നടപടി സ്വീകരിക്കണമെന്ന് ഫിലിപ്പ് ജോൺ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top