മൂന്ന് വർഷത്തിൽ ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; കേരളത്തിൽ ആശങ്കയാകുന്നു

തിരുവനന്തപുരം: കേരളത്തിൽ സൈബർ തട്ടിപ്പുകൾ ആശങ്കയാകുന്നു. 2022 മുതൽ 2024 വരെയുള്ള മൂന്ന് വർഷത്തിനിടെ മലയാളികൾ സൈബർ കുറ്റവാളികൾക്ക് നഷ്ടപ്പെട്ടത് 1021 കോടി രൂപയെന്നാണ് പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നത് 2024ലാണ്. ആകെ 763 കോടി രൂപയാണ് കഴിഞ്ഞ വർഷം മാത്രം സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്.

2022ൽ 48 കോടി രൂപയായിരുന്നു നഷ്ടം. 2023ൽ വ്യാജ വാഗ്ദാനങ്ങൾ നൽകുന്ന തട്ടിപ്പുകൾ വർദ്ധിച്ചതോടെ നഷ്ടം 210 കോടി രൂപയായി. 2024ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് പരാതികളുടെ എണ്ണം 41,426 ആയി ഉയർന്നു.

ഏറ്റവും കൂടുതൽ നഷ്ടം എറണാകുളത്തും, ഏറ്റവും കുറവ് വയനാട്ടും

2024ൽ ഏറ്റവും കൂടുതൽ പണം നഷ്ടമായത് എറണാകുളം ജില്ലയിലാണ് – 174 കോടി രൂപ. തിരുവനന്തപുരത്ത് 114 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയപ്പോൾ, വയനാട് ജില്ലയിൽ ഇത് 9.2 കോടി രൂപ മാത്രമാണ്.

പോലീസ് തിരിച്ചുപിടിച്ചത് 149 കോടി രൂപ

മൂന്ന് വർഷത്തിനിടെ പൊലീസിന് 149 കോടി രൂപയുടെ തുക തിരിച്ചുപിടിക്കാൻ കഴിഞ്ഞു. 2024ലാണ് ഏറ്റവും കൂടുതൽ തുക പിടിച്ചെടുത്തത് – 107.44 കോടി രൂപ. 2022-ലും 2023-ലും യഥാക്രമം 4.38 കോടി രൂപയും 37.16 കോടി രൂപയുമാണ് പൊലീസിന് വീണ്ടെടുക്കാൻ സാധിച്ചത്.

തട്ടിപ്പിന് ഇരയായവർ ആരൊക്കെയാണ്

സൈബർ തട്ടിപ്പിന് ഇരയാകുന്നവരിൽ 19.5% പേർ സ്വകാര്യ കമ്പനികളിലെ ജീവനക്കാരാണ്. അതേസമയം, 10.9% പെൻഷൻകാർ, 10.37% വീട്ടമ്മമാർ, 10.25% ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവരുമാണ്.

ഏറ്റവും കൂടുതൽ തൊഴിൽ തട്ടിപ്പുകൾ

2024ൽ സൈബർ തട്ടിപ്പിന് ഇരയായവരിൽ 35.34% പേർ തൊഴിൽ തട്ടിപ്പിലാണ് വീണത്. ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ 34.96% പേരും പണം നഷ്ടപ്പെടുത്തി.

സൈബർ തട്ടിപ്പുകൾ തുടർച്ചയായും വർദ്ധിക്കുമ്പോൾ സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നാണ് പൊലീസ് മുന്നറിയിപ്പ്. ജാഗ്രത പാലിക്കാതെ ഓൺലൈൻ ഇടപാടുകൾ ചെയ്യുന്നത് വലിയ നഷ്ടത്തിലേക്കും നിയമ പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top