ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ച പുതിയ ധനവകുപ്പിന്റെ വകയിരുത്തലിന്റെ ഭാഗമായി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 300 കോടി രൂപകൂടി അനുവദിച്ചു. ഇതോടെ ഈ സാമ്പത്തിക വർഷം ഇതുവരെ പദ്ധതിയിലേക്ക് അനുവദിച്ച മൊത്തം തുക 978.54 കോടി രൂപയായി. നിലവിലെ ബജറ്റിൽ 679 കോടി രൂപ വകയിരുത്തിയ സാഹചര്യത്തിൽ, അടുത്ത സാമ്പത്തിക വർഷത്തേക്ക് 700 കോടി രൂപ കൂടി നീക്കിവച്ചിട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കാസ്‌പ് പദ്ധതിയിലൂടെ പ്രതിവർഷം 5 ലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിനായി 41.99 ലക്ഷം ദരിദ്ര കുടുംബങ്ങൾക്ക് സജീവ സഹായം ലഭ്യമാക്കും. സംസ്ഥാന സർക്കാർ തന്നെ 18.02 ലക്ഷം കുടുംബങ്ങളുടെ വാർഷിക പ്രീമിയം പൂർണമായും വഹിക്കും, 23.97 ലക്ഷം കുടുംബങ്ങളുടെ വാർഷിക പ്രീമിയത്തിൽ 418.80 രൂപ സംസ്ഥാന വിഹിതം കൂടിയാണെന്ന് ധനമന്ത്രി വ്യക്തമാക്കി.
ആരോഗ്യ സുരക്ഷാ പദ്ധതിയിലേക്ക് അംഗത്വം നേടുന്നതിനായി കുടുംബാംഗങ്ങളുടെ എണ്ണം, പ്രായപരിധി തുടങ്ങിയ മാനദണ്ഡങ്ങളൊന്നും ബാധകമല്ല. സംസ്ഥാനത്ത് 197 സർക്കാർ ആശുപത്രികളും 4 കേന്ദ്ര സർക്കാർ ആശുപത്രികളുമുൾപ്പെടെ 364 സ്വകാര്യ ആശുപത്രികളിലും ഈ പദ്ധതിയുടെ സേവനം ലഭ്യമാണ്. ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലുമുള്ള ചെലവുകൾ, മരുന്നുകൾ, പരിശോധനകൾ, ഐസിയു ചാർജ്, ശസ്ത്രക്രിയ ചെലവുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൊത്തമായി 25 സ്പെഷ്യാലിറ്റികളിലായി 1667 ചികിത്സാ പാക്കേജുകൾ ഉൾപ്പെടുത്തിയിരിക്കുന്നതോടൊപ്പം, സർക്കാർ നിർദേശിച്ച 89 പ്രത്യേക പാക്കേജുകളും ലഭ്യമാണ്. കൂടാതെ, പദ്ധതിയിലില്ലാത്ത ചികിത്സകൾക്കായി അൺസ്‌പെസിഫൈഡ് പാക്കേജുകൾ ഉപയോഗിക്കാനാകും.
പദ്ധതിയുടെ പരിധിക്ക് പുറത്തുള്ളതും വർഷം 3 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങൾക്ക് ഒറ്റത്തവണത്തേക്ക് 2 ലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ‘കാരുണ്യ ബെനവലന്റ് ഫണ്ട്’ എന്ന പ്രത്യേക പദ്ധതി നിലവിലുണ്ട്. ഇതിലൂടെ കിഡ്‌നി സംബന്ധമായ അസുഖങ്ങൾക്ക് 3 ലക്ഷം രൂപവരെ ചികിത്സ ലഭ്യമാക്കും.
ധനകാര്യ മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വാർത്താക്കുറിപ്പിനുപ്രകാരം, എല്ലാ കാസ്‌പ് ചികിത്സ ലഭ്യമായ ആശുപത്രികളിലും കെബിഎഫ് ആനുകൂല്യവും ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതിയുടെ പ്രധാന സൗകര്യങ്ങൾ.